വിജയതീരംതൊട്ട്‌ കടലിന്റെ പെണ്ണുങ്ങൾ



    കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്ലിലെ സൂപ്പർമാർക്കറ്റിൽ ഗാന്ധിറോഡുകാരി അസ്‌മ നല്ല തിരക്കിലാണ്‌. അപ്പോഴും ‘സാഫി’നെക്കുറിച്ച്‌ പറയാൻ നൂറുനാവാണവർക്ക്‌.  ‘‘ജീവിതം മാറ്റിയത്‌ സാഫാണ്‌. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെട്ട  കാലമുണ്ടായിരുന്നു. ഭർത്താവ്‌ കടലിൽ പോയാൽ വല്ലപ്പോഴുമാണ് മീൻ കിട്ടുക. സാഫിന്റെ സഹായത്തോടെ സൂപ്പർമാർക്കറ്റ്‌ തുടങ്ങിയശേഷമാണ്‌ ജീവിക്കാൻ തുടങ്ങിയത്‌’’–- 14 വർഷമായി സംരംഭകയായ അസ്‌മയുടെ വാക്കുകളിൽ കടലോളമുണ്ട്‌ ആത്മവിശ്വാസം.  കടലിന്റെ കനിവിൽ മാത്രം അടുപ്പ്‌ പുകഞ്ഞിരുന്ന അനേകം തീരദേശ കുടുംബങ്ങളെയാണ്‌ ‘സാഫ്‌’ മാറ്റിമറിച്ചത്‌. അസ്‌മ, വടകരയിൽ തീരമൈത്രി സീഫുഡ്‌ കിച്ചൺ നടത്തുന്ന ബബിത തുടങ്ങി അഞ്ഞൂറിനടുത്ത്‌ തീരദേശ  വനിതകളുടെ ആശാകേന്ദ്രമാണ്‌ ഫിഷറീസ്‌ വകുപ്പിന്‌ കീഴിലുള്ള സാഫ്‌ (സൊസൈറ്റി ഫോർ അസിസ്റ്റൻസ്‌ ടു ഫിഷർ വുമൺ). തുന്നൽ മുതൽ ബോട്ടുസവാരിവരെയുള്ള മേഖലകളിൽ വനിതകൾക്ക്‌ പരിശീലനവും ധനസഹായവും നൽകി സംരംഭകരാക്കുന്നു.  ജില്ലയിൽ സാഫിന്റെ 137 യൂണിറ്റുകളുണ്ട്‌. പ്രതിമാസം ശരാശരി 70 ലക്ഷം രൂപയുടെ വിൽപ്പന. കടൽ വിഭവ ഹോട്ടൽ, ഫിഷ്‌ സ്‌പാ, തുന്നൽ കട, സൂപ്പർമാർക്കറ്റ്‌, ബ്യൂട്ടി പാർലർ, പേപ്പർ ബാഗ്‌, ഭക്ഷ്യ ഉൽപ്പന്ന നിർമാണം തുടങ്ങിയ വിവിധ മേഖലകളിലാണ്‌ വിജയം. ഓരോ അംഗവും പ്രതിമാസം 6798 രൂപ നേടുന്നു.  സുനാമി ദുരന്തശേഷം വരുമാന ബദൽ എന്ന നിലയിൽ ആരംഭിച്ച പദ്ധതിയാണിത്‌. ഒരു യൂണിറ്റിന്‌ അഞ്ചുലക്ഷം രൂപവരെ 75 ശതമാനം സബ്‌സിഡിയിൽ സാഫിലൂടെ ലഭിക്കും. അഞ്ചുശതമാനം തുക ഗുണഭോക്താക്കൾ നൽകണം. 20 ശതമാനം ബാങ്ക്‌ നൽകും. ഡൽഹിയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ്‌ ഫെയറിൽ ജില്ലയിലെ യൂണിറ്റുകൾ പങ്കെടുത്തിരുന്നു.   Read on deshabhimani.com

Related News