നേതാക്കൾ തമ്മിൽ വാക്കേറ്റം



കോഴിക്കോട്‌ കോൺഗ്രസ്‌ ജില്ലാ, ബ്ലോക്ക്‌ ഭാരവാഹികളെ നിശ്‌ചയിക്കാനുള്ള പട്ടികയെ ചൊല്ലി പുനഃസംഘടനാ സമിതി അംഗങ്ങൾ തമ്മിൽ വാക്കേറ്റം. പട്ടിക പ്രഖ്യാപിക്കുന്നതിന്‌ മുന്നോടിയായി ഞായറാഴ്‌ച ചേർന്ന യോഗത്തിലാണ്‌ എ, ഐ നേതാക്കൾ ഗ്രൂപ്പുതിരിഞ്ഞ്‌ ഏറ്റുമുട്ടിയത്‌. ഇതോടെ പട്ടിക വെള്ളത്തിലായി.  ജംബോ പട്ടിക തട്ടിക്കൂട്ടി തീരുമാനം കെപിസിസിക്ക്‌ വിടാനാണ്‌ നീക്കം.  ഡിസിസി ഭാരവാഹികളായി 35 പേരും ബ്ലോക്ക്‌ പ്രസിഡന്റുമാരായി 26 പേരുമാണ്‌ വേണ്ടത്‌. ഇതിനായാണ്‌ കെപിസിസി, പുനഃസംഘടനാ സമിതിയെ നിശ്‌ചയിച്ചത്‌. അവർതന്നെ കൊമ്പുകോർത്തു.  ജില്ലയിൽ എ ഗ്രൂപ്പിന്‌ നിലവിലുള്ള ക്വോട്ട വേണമെന്നാവശ്യപ്പെട്ട്‌ കെ സി അബുവാണ്‌ രംഗത്തെത്തിയത്‌. ഇതിനെ ഐ ഗ്രൂപ്പിലെ കെ ബാലനാരായണൻ എതിർത്തു. എ ഗ്രൂപ്പിന്‌ പഴയ ശക്തിയൊന്നുമില്ലെന്നും നേതാക്കൾ വരെ കൂടെയില്ലാത്തത്‌ അബു അറിഞ്ഞില്ലെന്നും പരിഹസിച്ചു. അബു വിളിച്ച ഗ്രൂപ്പ്‌ യോഗങ്ങളിൽ പങ്കെടുത്തവരെ ഭാരവാഹി പട്ടികയിൽനിന്ന്‌ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയെ വെട്ടാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു അബുവിന്റെ രോഷപ്രകടനം. വാക്കേറ്റം കടുത്തതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു.   ഭാരവാഹി പട്ടികയിലേക്ക്‌ ഇരട്ടിയോളം പേരുകളാണ്‌ നേതാക്കൾ നിർദേശിച്ചത്‌. ഡിസിസി ഭാരവാഹികളിൽ 12 പേരെ പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനായിരുന്നു ധാരണ. നേതാക്കൾ ഇവരുടെ പേരുകൾ നിർദേശിക്കുകയും ചെയ്തു. എന്നാൽ, നിലവിലുള്ള പലരും മാറാൻ തയ്യാറായില്ല.  പുതുമുഖങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്‌ചയുണ്ടായില്ല. 26 പേർ വേണ്ടിടത്ത്‌ ഇരട്ടിയിലേറെ പേരുകൾ നിർദേശിക്കപ്പെട്ടു. ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കും ഒന്നിലേറെ പേര്‌ വന്നു. ഇതോടെ സമിതി വെട്ടിലായി. തിങ്കളാഴ്‌ച നടന്ന സമവായ ചർച്ചയിലും ഫലമുണ്ടായില്ല. ചൊവ്വാഴ്‌ച പുനഃസംഘടനാ സമിതി ജംബോ പട്ടിക പ്രഖ്യാപിച്ചേക്കും. ഇതിൽനിന്ന്‌ ഭാരവാഹികളെ നിശ്‌ചയിക്കാനുള്ള ചുമതല കെപിസിസിക്ക്‌ വിടും. Read on deshabhimani.com

Related News