പച്ചക്കറിയിൽ കുതികുതിച്ച്‌ നാട്‌



  കോഴിക്കോട്‌  പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്‌തതയെന്ന ലക്ഷ്യത്തിലേക്ക്‌ കുതികുതിക്കുകയാണ്‌ കേരളം. സമീപ വർഷങ്ങളിൽ  ഉൽപ്പാദനത്തിൽ ഗണ്യമായ വർധനയുണ്ട്‌.  2021–-22 ൽ 16.01 ലക്ഷം ടൺ പച്ചക്കറിയാണ്‌ വിളവെടുത്തത്‌. 2017–-18ലെ 10.01 ലക്ഷം ടണ്ണിൽ നിന്നാണ്‌ ഈ കുതിപ്പ്‌. അതേ സമയം നെല്ലുൽപ്പാദനത്തിൽ സംസ്ഥാനം പിന്നോട്ടുപോയെന്നും സർക്കാരിന്റെ  സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കണക്കുകൾ പറയുന്നു.     പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്‌ സർക്കാർ കൈക്കൊണ്ട നടപടികളുടെ ഫലപ്രാപ്‌തിയാണ്‌  ഈ പുരോഗതി. കോവിഡ്‌ കാലത്ത്‌ എല്ലാവരും കൃഷിയിലേക്ക്‌ തിരിഞ്ഞതും നിർണായകമായി. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, ക്ലസ്‌റ്ററുകൾ രൂപീകരിച്ചുള്ള ഇടപെടൽ, സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷിക്കുള്ള പ്രോത്സാഹനം തുടങ്ങിയ ക്യാമ്പയിനുകളാണ്‌  കൃഷിയെ ത്വരിതപ്പെടുത്തിയത്‌. കൃഷിഭൂമി വിസ്‌തൃതിയും വർധിച്ചു.  69,047 ഹെക്ടറിൽ (2017–-18)നിന്ന്‌ 1.08 ലക്ഷം ഹെക്ടറിലേക്ക്‌  പച്ചക്കറി കൃഷി വ്യാപിപ്പിക്കാനായി. ഈ സാമ്പത്തിക വർഷം  വിസ്‌തൃതിയും ഉൽപ്പാദനവും യഥാക്രമം 5.9, രണ്ട്‌ ശതമാനമായി ഉയർന്നു.     മലപ്പുറം, വയനാട്‌ ഒഴികെയുള്ള ജില്ലകളിൽ നെൽകൃഷി വിസ്‌തൃതി  കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്‌.  2021–-22ൽ നെൽവയൽ വിസ്‌തൃതി 1.94 ലക്ഷം ഹെക്ടറായി കുറഞ്ഞു. തൊട്ടുമുമ്പത്തെ വർഷത്തിൽനിന്ന്‌ 3.9 ശതമാനമാണ്‌ കുറവ്‌. 5.59 ലക്ഷം ടണ്ണാണ്‌ ഉൽപ്പാദനം. മുൻ വർഷത്തെ അപേക്ഷിച്ച്‌ 10.7 ശതമാനമാണ്‌ കുറവ്‌. കഴിഞ്ഞ രണ്ട്‌ തവണത്തേതിൽനിന്ന്‌ വ്യത്യസ്‌തമായി മുണ്ടകൻ കൃഷിയിൽ കൂടുതൽ ഉൽപ്പാദനം കിട്ടി. Read on deshabhimani.com

Related News