വിദ്യാസന്പന്നരായ പുതുതലമുറയെ വാര്‍ത്തെടുക്കും: മന്ത്രി

ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു


 ബാലുശേരി  ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ബഹുനില കെട്ടിട സമുച്ചയം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. കിഫ്ബിയിലൂടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 141 വിദ്യാലയങ്ങൾക്ക് അഞ്ചുകോടി രൂപയും 386 സ്കൂളുകൾക്ക് മൂന്നു കോടിയും 446 സ്കൂളുകൾക്ക് ഒരുകോടി രൂപ വീതവും ഫണ്ട് നൽകിയതായി മന്ത്രി പറഞ്ഞു. 971 സ്കൂളുകൾക്ക് ഇത്തരത്തിൽ വികസനം ഉറപ്പാക്കി. എയ്ഡഡ് സ്കൂളുകൾക്ക് ചാലഞ്ച് ഫണ്ടിന് രൂപം നൽകി. 59 സ്കൂളുകൾക്ക് നബാർഡ് ഫണ്ട് വഴി 104 കോടി രൂപയും അനുവദിച്ചു. അഞ്ചുകോടി രൂപ അനുവദിച്ചതിൽ 120 സ്കൂളുകളും മൂന്നുകോടി അനുവദിച്ചതിൽ 96 സ്കൂളുകളും നിർമാണം പൂർത്തിയാക്കി. വിദ്യാസമ്പന്നരായ പുതുതലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയിൽനിന്ന്‌ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ സ്കൂളിനായി കെട്ടിടം നിർമിച്ചത്. പത്ത് ക്ലാസ് മുറികൾ, രണ്ട് ടോയ്‌ലറ്റ് കോംപ്ലക്സ്, ഭിന്നശേഷി ടോയ്‌ലറ്റ്, സെമിനാർ ഹാൾ, കോൺഫറൻസ്‌ ഹാൾ തുടങ്ങി 15,000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചത്.  കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി  മുഖ്യാതിഥിയായി. കുട്ടികൾക്കുള്ള വിദ്യാകിരണം ലാപ്ടോപ്പ് വിതരണവും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ജിജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ആർ ഇന്ദു റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിത  നിർവഹിച്ചു.  ജില്ലാ പഞ്ചായത്തംഗം പി പി പ്രേമ യുഎൽസിസിഎസിനുള്ള ഉപഹാരം സമർപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റംല മാടംവള്ളികുന്നത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉമ മഠത്തിൽ, പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, ആർഡിഡി ഇൻ ചാർജ് അപർണ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ വി മധു, പ്രധാനാധ്യാപിക ഇ പ്രേമ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് സ്വാഗതവും പിടിഎ പ്രസിഡന്റ്‌ കെ ഷൈബു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News