ജിതിന് കണ്ണീരോടെ വിട

ജിതിന്റെ മൃതദേഹത്തില്‍ കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎയും കെ കെ ലതികയും അന്തിമോപചാരമർപ്പിക്കുന്നു


 കുറ്റ്യാടി  നിനയ്‌ക്കാതെ എത്തിയ അപകട മരണത്തിൽ തേങ്ങലടങ്ങാതെ തീക്കുനിയും പരിസരവും. ഞായറാഴ്ച നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് സ്ലാബ് വീണ് മരണപ്പെട്ട നെല്ലിയുള്ള പറമ്പിൽ ജിതിന്‌ (25) നാടാകെ കണ്ണീരോടെ വിട നൽകി. നാടിന്റെ വികസന പ്രവർത്തനങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഓടിനടന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ജിതിൻ   തീക്കുനിയിലെ ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്നു. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു. നിർമാണമേഖലയിൽ അറിയപ്പെടുന്ന തൊഴിലാളികളായിരുന്നു ജിതിനും സുഹൃത്തുക്കളായ വിഷ്ണു, ബിജീഷ്, അജീ ഷ് എന്നിവർ. ഞായറാഴ്ച അവധിയെടുക്കുന്ന ഇവർ കക്കുനി മങ്ങാട്ടുകുന്ന് മലയിൽ കരീമിന്റെ തേപ്പ് പണി പൂർത്തീകരിക്കാൻ അവധി ഒഴിവാക്കി ജോലിക്കെത്തിയതായിരുന്നു. സിമന്റ്‌ തേപ്പ് പണിക്കിടയിൽ വീടിന്റെ കോൺക്രീറ്റ് സ്ലാബ് പകൽ പതിനൊന്നോടെ അടർന്നു വീഴുകയായിരുന്നു. ജിതിൻ സ്ലാബിനടിയിൽപ്പെട്ടു. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാരും സമീപവാസികളും ഓടിയെത്തി സ്ലാബ് എടുത്തു മാറ്റിയെങ്കിലും ജിതിനെ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റുള്ളവർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ, കെ കെ ലതിക, കെ കെ സുരേഷ്, ടി വി മനോജൻ, കെ സുരേഷ്, വേളം പഞ്ചായത്ത് പ്രസിഡന്റ്‌ നയീമ കുളമുള്ളതിൽ, കെ സി ബാബു തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർടി നേതാക്കളും അന്തിമോപചാരമർപ്പിച്ചു. Read on deshabhimani.com

Related News