ആളനക്കം നിലച്ച്‌ തീരമേഖല

മോശം കാലാവസ്ഥയെ തുടർന്ന്‌ മത്സ്യമില്ലാതെ കയറ്റുമതി നിലച്ചതിനാൽ ബേപ്പൂർ തുറമുഖത്ത്‌ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ


ഫറോക്ക്  മാറിമറിയുന്ന കാലാവസ്ഥയും കാറ്റും കോളും മത്സ്യത്തൊഴിലാളികളുടെ  കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ട്രോളിങ് നിരോധനം പിൻവലിച്ച്‌ ആഴ്‌ച പിന്നിടുമ്പോഴും ഒരുദിവസംപോലും  മീൻപിടിത്തം നടത്താനാനാവാതെ തുറമുഖം സ്തംഭനാവസ്ഥയിലാണ്‌. പ്രതികൂല കാലാവസ്ഥയിൽ കടൽ പ്രക്ഷുബ്ധമായതിനൊപ്പം ജാഗ്രത മുന്നറിയിപ്പുമുള്ളതിനാൽ പരമ്പരാഗത വള്ളങ്ങളും കടലിലിറക്കാനായിട്ടില്ല. ഇതോടെ ഫിഷ് ലാൻഡിങ് സെന്ററും നിശ്ചലാവസ്ഥയിലാണ്. കോടികളുടെ നഷ്ടമാണ് മത്സ്യമേഖലയ്ക്ക് ഉണ്ടായത്‌.  നിരോധനം നീങ്ങിയ കഴിഞ്ഞ ഞായർ അർധരാത്രിക്ക് ശേഷമിറങ്ങിയ ബോട്ടുകളിലേറെയും വൈകാതെ തിരിച്ച് കയറിയിരുന്നു. അടുത്ത ദിവസങ്ങളിലായി വീണ്ടും മീൻപിടിത്തത്തിനിറങ്ങിയതിൽ മുപ്പതോളം വലിയ ബോട്ടുകൾ വെള്ളിയാഴ്ച  തിരിച്ചെത്തി. കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ ആഴക്കടൽ മീൻപിടിത്തത്തിൽ ഏർപ്പെട്ട 150 ബോട്ടുകളാണിപ്പോൾ കടലിലുള്ളത്‌.   ഐസ് ഫാക്ടറികളും വാഹനങ്ങളിൽ പണിയെടുക്കുന്നവരും ചുമട്ടുതൊഴിലാളികളുമെല്ലാം പണിയില്ലാതെ വലഞ്ഞു. കയറ്റുമതി രംഗത്തും  കോടികളുടെ നഷ്ടമാണ്‌. ബംഗാൾ ഉൾക്കടലിൽ  ന്യൂനമർദം ഉണ്ടാകുമെന്ന മുന്നറിയിപ്പ്‌കൂടി വന്നതോടെ  വരും ദിവസങ്ങളിലും കടലിൽ ഇറങ്ങാനാകുമെന്ന പ്രതീക്ഷയിലല്ല തൊഴിലാളികൾ. Read on deshabhimani.com

Related News