അരികെ ഇരുവർക്കും അന്ത്യനിദ്ര



കോഴിക്കോട് കോഴിക്കോട്‌ ബീച്ചിൽ ഫുട്ബോൾ കളിക്കിടെ  കടലിൽ കാണാതായ വിദ്യാർഥികളിൽ രണ്ടാമത്തെയാളുടെ മൃതശരീരവും കണ്ടെത്തി. ഒളവണ്ണ കൊടിനാട്ടുമുക്ക്‌ ടി കെ ഹൗസിൽ അബ്‌ദുൾ  റഹീമിന്റെ മകൻ ടി കെ ആദിൽ ഹസന്റെ  (16) മൃതശരീരമാണ്‌ തിങ്കളാഴ്‌ച പുലർച്ചെ നാലരയോടെ പുലിമുട്ടിന്‌ സമീപം  കണ്ടെത്തിയത്‌.  ബീച്ചിൽ ലയൺസ് പാർക്കിനുസമീപം   പന്തുകളിക്കിടെ ഞായറാഴ്‌ച രാവിലെ എട്ടിനാണ് അപകടം. ഒളവണ്ണ കൊടിനാട്ടുമുക്ക്‌  കളത്തിൽ ഹൗസിൽ കെ പി മുഹമ്മദ് ആദിലി  (18)ന്റെ മൃതദേഹം ഞായറാഴ്‌ച രാത്രി കണ്ടെത്തിയിരുന്നു.   കോസ്‌റ്റ്‌ ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും ഫിഷറീസ്‌ വകുപ്പും പൊലീസും ഫയർഫോഴ്‌സും മത്സ്യത്തൊഴിലാളികളും ചേർന്നുള്ള തിരച്ചിൽ ഞായറാഴ്‌ച രാത്രി വൈകി നിർത്തിയിരുന്നു. തിങ്കൾ പുലർച്ചെയാണ്‌ തീരക്കടലിൽ ആദിൽ ഹസന്റെ മൃതദേഹം കണ്ടത്‌. അൽപ്പസമയത്തിനകം കരക്കടിഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘമാണ്‌ ഒളവണ്ണയിൽനിന്ന്‌ ബൈക്കിൽ ഫുട്ബോൾ കളിക്കാനായി ഞായറാഴ്‌ച രാവിലെ ബീച്ചിൽ എത്തിയത്. എട്ടോടെ കളി അവസാനിപ്പിച്ച്‌ പന്ത് കഴുകാനായി കടലിൽ ഇറങ്ങിയപ്പോഴാണ്‌ അപകടം. ഇരുവരുടെയും മൃതശരീരം രാവിലെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം നടത്തി.   അയൽവാസികളും കൂട്ടുകാരുമായ ഇരുവർക്കും ഒടുമ്പ്ര പള്ളി ഖബർസ്ഥാനിൽ അടുത്തടുത്തായാണ്‌ ഖബറിടം ഒരുങ്ങിയത്‌. തിങ്കളാഴ്‌ച പകൽ രണ്ടരയോടെയാണ്‌ മൃതദേഹം ഖബറടക്കിയത്‌.  ബേക്കറി ജീവനക്കാരനായ അബ്‌ദുൾ റഹീമിന്റെ മകനാണ്‌  ആദിൽ ഹസൻ. ഉമ്മ: റഹ്‌മത്ത്‌. സഹോദരങ്ങൾ: ഫാരിസ, അജ്‌മൽ നിഹാദ്‌.  മുഹമ്മദ് ആദിൽ തളി സാമൂതിരി ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ടു പാസായി ഉപരിപഠനത്തിന്‌ കാത്തിരിക്കയായിരുന്നു. ലോറിത്തൊഴിലാളിയായിരുന്ന ബാപ്പ അബ്‌ദുൾ താഹിർ നാലുമാസം മുമ്പാണ്‌ ഗൾഫിലേക്ക്‌ പോയത്‌.  ദുരന്തമറിഞ്ഞ്‌ താഹിർ തിങ്കളാഴ്‌ച നാട്ടിലെത്തി.  ഉമ്മ: റൈനാസ്‌. സഹോദരി:  നെഹ്‌റിൻ  നഫീസ (നടക്കാവ്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ്‌ വിദ്യാർഥിനി). Read on deshabhimani.com

Related News