ബേപ്പൂർ ഫിഷിങ് ഹാർബർ വികസനത്തിന് മാസ്റ്റർ പ്ലാൻ ഉടൻ

മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂർ ഫിഷിങ് ഹാർബർ സന്ദർശിക്കുന്നു


 ബേപ്പൂർ  ബേപ്പൂർ ഫിഷിങ് ഹാർബർ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നതിനായുള്ള ബഹുമുഖ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഹാർബർ എൻജിനിയറിങ്, ഫിഷറീസ്, തുറമുഖം, ടൂറിസം വകുപ്പുകളെ കൂട്ടിയിണക്കി മാസ്റ്റർ പ്ലാൻ തയാറാക്കി മുൻഗണന നിശ്ചയിച്ചാകും പദ്ധതി നടപ്പാക്കുക. പദ്ധതി ചർച്ച ചെയ്യുന്നതിനായി എത്തിയ മന്ത്രി ഹാർബർ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു.  ബേപ്പൂർ തുറമുഖത്തിന്റെ  ശേഷിയും സാധ്യതകളുമനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഇതു പരിഹരിക്കും. ഇതിനായി നേരത്തേ ഫിഷറീസ്–-തുറമുഖ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ഇവർ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. പദ്ധതി തയ്യാറാക്കിയ ശേഷവും മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരുമായി ചർച്ച നടത്തും. ഹാർബറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകൾ ഉൾപ്പെടെ എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ ആരായും. അറുനൂറോളം ബോട്ടുകളും നൂറുകണക്കിന് വള്ളങ്ങളും കേന്ദ്രീകരിക്കുന്ന ഹാർബറിൽ ബോട്ടുകൾക്ക് നങ്കൂരമിടാനും മത്സ്യമിറക്കാനുമുള്ള സൗകര്യമില്ല.  ഹാർബറിൽ വിശാലമായ പാർക്കിങ്, വിസ്തൃതിയുള്ള റോഡ്,  അഴുക്കുചാൽ, മാലിന്യ സംസ്കരണം, ഗേറ്റ് ഹൗസ്, തൊഴിലാളികൾക്ക് വിശ്രമകേന്ദ്രമുൾപ്പെടെ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സിപിഐ എം ഫറോക്ക് ഏരിയാ സെക്രട്ടറി ടി രധാ ഗോപി, പി രഞ്ജിത്ത്, കെ ടി സ്മിജിത്ത് തുടങ്ങിയവരും ഉന്നത ഉദ്യോസ്ഥ സംഘവും മന്ത്രിയോടൊപ്പമുണ്ടായി.  Read on deshabhimani.com

Related News