ഇന്ന്‌ സ്‌നേഹചക്രമുരുളും പ്രദീപനായി...



കുറ്റ്യാടി  സ്വകാര്യബസ്‌ ജീവനക്കാരനായ ചങ്ങരോത്ത് പന്തിരിക്കര ജാനകിവയൽ ചാലിൽ പ്രദീപന്റെ ചികിത്സ‌ക്ക്‌ പണം കണ്ടെത്തുന്നതിനായി കുറ്റ്യാടി–- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകൾ തിങ്കളാഴ്ച സർവീസ്‌ നടത്തും. അർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് ഇദ്ദേഹം. പ്രായമായ അച്ഛനും അമ്മയും ഭാര്യയും മൂന്ന്‌ മക്കളുമടങ്ങിയ നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ്‌‌ പ്രദീപൻ. ഈ അവസ്ഥയിൽ   റൂട്ടിലെ  17 ബസ്‌ ഉടമകളും തൊഴിലാളികളും ചേർന്നാണ്‌ കാരുണ്യ സർവീസ്‌ നടത്തുന്നത്‌.   കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, കോഴിക്കോട് എന്നിവിടങ്ങളിൽ തൊഴിലാളികൾ വളന്റിയർമാരായി പണം ശേഖരിക്കും. രാവിലെ ഒമ്പതിന് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരിയും കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ടി നബീസയും ചേർന്ന്‌ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന്  ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ മോഹനൻ പാലോളി, കൺവീനർ പ്രകാശൻ മുതുകാട്, ട്രഷറർ ശ്രീജിത്ത് പെരുവയൽ, ട്രേഡ് യൂണിയൻ നേതാക്കളായ മോഹനൻ കൈതക്കൽ, എം പി സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News