കാറ്റിലും മഴയിലും നാശം

ഉള്ള്യേരി ഈസ്റ്റ് മുക്കിൽ മരംവീണ് വൈദ്യുതി പോസ്റ്റ്‌ തകർന്നപ്പോൾ


ബാലുശേരി/പേരാമ്പ്ര/താമരശേരി ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വിവിധയിടങ്ങളിൽ നാശം. തിങ്കൾ പുലർച്ചെ മഴയോടൊപ്പം ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകിവീണു. ബാലുശേരി പുത്തൂർ വട്ടം കല്ലാട്ട് നജീബിന്റെ വീടിനുമുകളിലേക്ക് തെങ്ങ് വീണു. അടുക്കളഭാഗം പൂർണമായും തകർന്നു. വയലട വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് മണിച്ചേരിയിൽ മലയിൽനിന്ന് റോഡിലേക്ക് മരത്തോടൊപ്പം മണ്ണിടിഞ്ഞുവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. മരം പൊട്ടിവീണ്‌ വൈദ്യുതി പോസ്റ്റുകൾ തകർന്നു.  ഉള്ള്യേരി ഈസ്റ്റ് മുക്കിലും മരംവീണ് വൈദ്യുതി പോസ്റ്റ് മുറിഞ്ഞുവീണ്‌ വൈദ്യുതി മുടങ്ങി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ഇബി ജീവനക്കാരെത്തിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. തൃക്കുറ്റിശേരി മഹാദേവ ക്ഷേത്രത്തിനടുത്ത് മരം വീണ്‌ മൂന്നുമണിക്കൂറോളം വൈദ്യുതി ബന്ധം നിലച്ചു.  ഉളേള്യരി 19ലെ പുതിയോട്ടിൽ രാഘവൻ നായരുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര  തകർന്നു. 50,000 രൂപയുടെ നഷ്ടമുണ്ടായി. പേരാമ്പ്രയിൽ കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി പാലേരിയിലെ മുതിരക്കൽ നാണുവിന്റെ വീട് ഭാഗികമായി തകർന്നു. 50,000 രൂപയുടെ നഷ്ടമുണ്ട്. ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കൊടുവള്ളി സെക്‌ഷന്‌ കീഴിൽ വിവിധ ഭാഗങ്ങളിൽ മരംവീണ്‌ വൈദ്യുതി  തടസപ്പെട്ടു.  കാരാട്ടുപൊയിൽ -മഞ്ചപ്പാറ റോഡിൽ പാലക്കുണ്ടത്തിൽ ത്രീഫേസ് ലൈനിലാണ് തെങ്ങുവീണത്.  കാരാട്ടുപൊയിൽ - മഞ്ചപ്പാറ റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. നാട്ടുകാർ തെങ്ങ് മുറിച്ചുമാറ്റി രാവിലെ തന്നെ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. Read on deshabhimani.com

Related News