ഭിന്നശേഷിക്കാരനായ പീടികതൊഴിലാളിയെ പഞ്ചായത്ത് സെക്രട്ടറി മർദിച്ചതായി പരാതി



ഓർക്കാട്ടേരി  ഓർക്കാട്ടേരിയിൽ ഭിന്നശേഷിക്കാരനായ പീടികതൊഴിലാളിയെ പഞ്ചായത്ത് സെക്രട്ടറി മർദിച്ചതായി പരാതി. ശനി ഉച്ചയോടെ ഫുട്പാത്തിലെ സാധനങ്ങൾ മാറ്റാനുള്ള ശ്രമത്തിനിടെ ഓർക്കാട്ടേരി ബ്രദേഴ്സ് ബേക്കറിയിലെ ജീവനക്കാരൻ കാർത്തികപ്പള്ളി തൊടുവെയൽ രാജനെ പഞ്ചായത്ത് സെക്രട്ടറി സജീവൻ മർദിച്ചതായാണ്‌ പരാതി.  വരാന്തയിലെ സാധനങ്ങൾ  റോഡിൽ വലിച്ചിടുകയും കടയിൽ കയറി രാജനെ മർദിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രകോപനമൊന്നുമില്ലാതെയായിരുന്നു അതിക്രമമെന്ന്‌ ബേക്കറി ഉടമ ചന്ദ്രൻ പറഞ്ഞു.   രാജനെ മർദിച്ച സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രകടനം നടത്തി. എടച്ചേരി പൊലീസ് സ്ഥലത്തെത്തിയതോടെ സംഘർഷത്തിന് അയവുണ്ടായി. പഞ്ചായത്തിന്റെ രണ്ടു വണ്ടികളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. രാജനെ ഓർക്കാട്ടേരി ഗവ. ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സക്ക് ശേഷം വടകര ഗവ. ഹോസ്പിറ്റലിൽ  പ്രവേശിപ്പിച്ചു.  പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പീടികതൊഴിലാളി യൂണിയൻ സിഐടിയു ഓർക്കാട്ടേരി മേഖലാ കമ്മിറ്റയും വ്യാപാരി വ്യവസായ സമിതി ഓർക്കാട്ടേരി യൂണിറ്റും  ആവശ്യപ്പെട്ടു. അതേസമയം, രാജനെ താൻ മർദിച്ചിട്ടില്ലെന്ന്  പഞ്ചായത്ത് സെക്രട്ടറി സജീവൻ പറഞ്ഞു. Read on deshabhimani.com

Related News