ഉണർവേകി ഈ വർണച്ചിറകുകൾ

കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ഭിന്നശേഷിക്കാരുടെ കലോത്സവത്തിൽ അവതരിപ്പിച്ച ഒപ്പന


കോഴിക്കോട്‌ പരിമിതികൾ തടസ്സമായില്ല, മികവാർന്ന പ്രകടനങ്ങളുമായി ‘ഉണർവ് 2022’ ഭിന്നശേഷി കലോത്സവം. ശാരീരിക വെല്ലുവിളികൾ മറികടന്ന് വേദിയിലും ആസ്വാദക ഹൃദയങ്ങളിലും വർണം വിതറിയപ്പോൾ കലാവിരുന്ന്‌ വേറിട്ട അനുഭവമായി. ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ്‌ കലാകാരന്മാർ മാറ്റുരച്ചത്.   ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാരായ നൂറോളം പേർ  പങ്കെടുത്തു. നാടോടി നൃത്തം, കരോക്കേ ​ഗാനം, സംഘനൃത്തം, മെെമിങ്‌, ഒപ്പന തുടങ്ങി വിവിധ ഇനങ്ങളിലായി കുട്ടികൾ മുതൽ പ്രായമായവർവരെ പങ്കാളികളായി.  സാമൂഹ്യ നീതി വകുപ്പിലെ ക്ഷേമ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ളവർ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനമേളയും ഒരുക്കിയിരുന്നു.  മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്‌തു. ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം  പറഞ്ഞു. കുടുംബവും സമൂഹവും ഇത്തരം ആളുകളെ ചേർത്തുനിർത്തുമ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.   ടൗൺ ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി.  വിജയാമൃതം പുരസ്‌കാരവും മന്ത്രി സമ്മാനിച്ചു. കോർപറേഷൻ ക്ഷേമകാര്യസമിതി അധ്യക്ഷൻ പി ദിവാകരൻ മുഖ്യാതിഥിയായി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു അബ്ദുൾ ബാരി, ടി കെ മുഹമ്മദ് യൂനസ്, ബാലൻ കാട്ടുമ്മൽ, മടവൂർ സെെനുദ്ദീൻ, എ കെ അശോകൻ, കെ മൊയ്തീൻ കോയ, വി എ യൂസഫ്, അബ്ദുൾ അസീസ്, പി പീലിദാസൻ, രാജൻ തെക്കെയിൽ, സി പി അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാ​ഗതവും സീനിയർ സൂപ്രണ്ട് ബി രം​ഗരാജ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News