കോഴിക്കോട്‌ മെഡി. കോളേജ്‍‍‍ മികച്ച മാതൃ–ശിശു സൗഹാർദ ആശുപത്രി



  കോഴിക്കോട്‌ മികച്ച മാതൃ–-ശിശു സൗഹാർദ ആശുപത്രികൾക്കുള്ള ആരോഗ്യവകുപ്പിന്റെ  മദർ ആൻഡ്‌ ബേബി ഫ്രണ്ട്‌ലി ഹോസ്‌പിറ്റൽ ഇനീഷ്യേറ്റീവ്‌ അംഗീകാരം കോഴിക്കോട്‌ മെഡിക്കൽ കോളേജിന്‌ ലഭിച്ചു. മാതൃ–-ശിശു സംരക്ഷണ കേന്ദ്രത്തിനാണ്‌(ഐഎംസിഎച്ച്‌) 99.25 ശതമാനം മാർക്കോടെ അംഗീകാരം ലഭിച്ചത്‌. നിലവിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയത്‌ ഐഎംസിഎച്ചാണ്‌. നേരത്തെ മികച്ച മാതൃ സൗഹാർദ ആശുപത്രിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. വിദഗ്‌ധ സമിതി അംഗങ്ങൾ തിങ്കളാഴ്‌ച ആശുപത്രിയിലെത്തി എല്ലാ ഘടകങ്ങളും പരിശോധിച്ചാണ്‌ അംഗീകാരം നൽകിയത്‌.  അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വിവിധ വിഭാഗങ്ങളിൽ ലഭിക്കുന്ന പരിചരണവും സേവനവുമാണ്‌ അംഗീകാരത്തിന്റെ അടിസ്ഥാനം. ഇതിന്‌ പരിഗണിച്ച 130 വിഭാഗങ്ങളിൽ രണ്ട്‌ എണ്ണത്തിൽ ഒഴികെ മുഴുവൻ പോയന്റും നേടാനായി. മുലയൂട്ടലിന്റെ ഗുണങ്ങൾ സംബന്ധിച്ച്‌ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളാണ്‌ വലിയ അംഗീകാരം നേടിയത്‌. പാലില്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്ക്‌ നൽകാനായി മുലപ്പാൽ ബാങ്ക്‌ ആരംഭിച്ചതും പ്രധാനമാണ്‌. ഇതുമായി ബന്ധപ്പെട്ട ഇടപെടലുകളെല്ലാം നേട്ടത്തിന്‌ കാരണമായി.  രോഗികളുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള കൂടുതൽ ഫോൺ, കൗണ്ടർ സംവിധാനം, ലേബർ റൂമിൽ സ്ഥലസൗകര്യങ്ങൾ എന്നിവയാണ്‌ ശ്രദ്ധിക്കേണ്ട വിഭാഗങ്ങളെന്ന്‌ സംഘം നിർദേശം നൽകി.    Read on deshabhimani.com

Related News