സർഗാലയ അരിയുണ്ടയ്ക്ക് പ്രിയമേറെ...

സർഗാലയയിൽ ഉരലിൽ അരിയിടിക്കുന്ന തൊഴിലാളികൾ


വടകര   ഉരലിൽ ഇടിച്ചെടുത്ത അരിയുണ്ടയാണ്‌ ഇരിങ്ങൽ സർഗാലയയിലെ ഇപ്പോഴത്തെ താരം. മെയ്ഡ് ഇൻ സർഗാലയ അരിയുണ്ടയ്‌ക്ക് ആവശ്യക്കാർ ഏറുകയാണ്‌. നാടറിഞ്ഞ വടകര നുറുക്കിന്റെ പാരമ്പര്യത്തിന് തുടർച്ചയായി സർഗാലയ അരിയുണ്ടയും വിപണിയിൽ ചുവടുറപ്പിക്കുകയാണ്‌. സർഗാലയ ക്രാഫ്റ്റ് വില്ലേജിന്റെ കോവിഡ് കാലത്തെ വേറിട്ട അതിജീവനമാണിത്.  അരിയുണ്ട കൂടാതെ ബദാം ലേഹ്യം, കർക്കടകപ്പൊടി, കർക്കടക കിറ്റ്, പേറ്റുമരുന്ന് എന്നിവയും  നിർമിക്കുന്നുണ്ട്. അരിയുണ്ട നിർമാണത്തിലൂടെ മാത്രം 40 പേർക്കാണ് കോവിഡ് കാലത്ത് തൊഴിൽ ലഭിച്ചത്. ഇതുവരെ വിറ്റത് ഒരുലക്ഷം അരിയുണ്ട!  14 സ്ത്രീകൾ ഉരലിൽ അരിയിടിക്കാനായി മാത്രമുണ്ട്. മറ്റു പണികൾക്കും വിൽപ്പനയ്ക്കുമായി 26 പേരും.  ഒരു ദിവസം 200 കിലോവരെ അരിയിടിക്കും.    വീടുകൾതോറും നടന്ന്  വിൽക്കാൻ 25 പേരുണ്ട്. പ്രദേശത്തെ പ്രധാന കടകളിലും മാളുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാണ്‌.  അരിയുണ്ടയ്‌ക്ക്‌ ധാരാളം ഓർഡർ ലഭിക്കുന്നുണ്ടെന്ന് സർഗാലയ സിഇഒ പി പി ഭാസ്‌കരൻ പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്ന കോവിഡ് കാലത്ത് സ്ത്രീകൾക്ക് തൊഴിൽ നൽകാനാണ് പ്രധാനമായും ഈ സംരംഭം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് സർഗാലയ ഏറ്റെടുത്ത്‌ നടത്തിവരുന്നത്. Read on deshabhimani.com

Related News