കുഴൽപ്പണവും സ്വർണക്കടത്തും ‘എക്‌സ്‌ക്ലൂസീവ്‌ ചാനലി’ൽ



 സ്വന്തം ലേഖകൻ കോഴിക്കോട്‌ കുഴൽപ്പണ, സ്വർണക്കടത്ത്‌ ഇടപാടുകൾക്ക്‌ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ നടത്തിപ്പുകാർ നൽകിയത്‌ ‘എക്‌സ്‌ക്ലൂസീവ്‌’ ചാനലുകൾ. രഹസ്യങ്ങൾ ചോരരുത്‌ എന്ന ലക്ഷ്യത്തോടെയെത്തുന്ന കള്ളക്കടത്ത്‌ സംഘങ്ങളിൽനിന്ന്‌ ഇതിനായി   ഈടാക്കിയത്‌ ലക്ഷങ്ങളായിരുന്നെന്നും അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചു. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ മുഖേന ആശയവിനിമയം തെരഞ്ഞെടുക്കുമ്പോ ൾ മറ്റാരുടെയും ഇടപെടൽ ഉണ്ടാകാതിരിക്കാനും ഉയർന്ന ഗുണനിലവാരത്തിൽ ഫോൺ കോളുകൾ തുടരാനുമാണ്‌ എക്‌സ്‌ക്ലൂസീവ്‌ ചാനലുകൾ അനുവദിക്കുന്നത്‌. ഓരോ കള്ളക്കടത്ത്‌ ഇടപാടിനും പ്രത്യേകം യൂസർനെയ്‌മും പാസ്‌വേഡും നൽകിയാണ്‌ റൂട്ട്‌ ഭദ്രമാക്കുക.     കള്ളക്കടത്ത്‌ വരുമാനത്തിൽനിന്നുള്ള നല്ലൊരു പങ്ക്‌  ‘കുഴൽഫോണി’ലൂടെ നടത്തിപ്പുകാരിലുമെത്തുന്നുണ്ട്‌. സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപകമായി ഇത്തരം ചാനലുകൾ അനുവദിച്ചിട്ടുണ്ടെന്നാണ്‌ കേസന്വേഷിക്കുന്ന സി ബ്രാഞ്ചിന്‌ ലഭിച്ച വിവരം. അന്വേഷക സംഘം വീണ്ടും 
ബംഗളൂരുവിലേക്ക്‌ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസന്വേഷിക്കുന്ന സി ബ്രാഞ്ച്‌ അസി. കമീഷണർ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്‌ച വീണ്ടും ബംഗളൂരുവിലെത്തും. കേസിലെ പ്രധാന പ്രതി ഇബ്രാഹിം പുല്ലാട്ടിനൊപ്പം ബംഗളൂരു എ ടി എസ്‌ അറസ്റ്റുചെയ്‌ത മലപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീർ,  അനീസ് അത്തിമണ്ണിൽ, തൂത്തുക്കുടി സ്വദേശി ശാന്തൻകുമാർ, സുരേഷ് തങ്കവേലു, ജയ്ഗണേഷ്, തിരിപ്പൂർ സ്വദേശി ഗൗതം എന്നിവരെ ചോദ്യംചെയ്യും. മലപ്പുറം സ്വദേശികളായ അഷ്‌കർ,  ഷമീം എന്നിവരും രണ്ടുദിവസംമുമ്പ്‌ ബംഗളൂരുവിൽ പിടിയിലായിട്ടുണ്ട്‌.  ഇവരെയും ചോദ്യംചെയ്യും. ഇവർക്കും കോഴിക്കോട്‌ സംഭവവുമായി ബന്ധമുണ്ടെന്നാണ്‌ സൂചന.  ഇബ്രാഹിം പുല്ലാട്ട് പ്രവർത്തിപ്പിച്ചിരുന്ന ബംഗളുരു ബിടിഎം ലേഔട്ടിലെ കെട്ടിടത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിലും  ഇതിനാവശ്യമായ ചൈനീസ് നിർമിത ഉപകരണങ്ങൾ വാങ്ങിയ ഡിസി നെറ്റിലും അന്വേഷണസംഘം തെളിവെടുക്കും.   Read on deshabhimani.com

Related News