അവർ മടങ്ങി, മലയാള നാടിന്റെ 
സ്‌നേഹമറിഞ്ഞ്‌



കോഴിക്കോട്‌ കടിച്ചെറിയപ്പെട്ട മുറിവുകളുണക്കി അവൾ മടങ്ങി –- ജനിച്ച മണ്ണിൽ ഇനിയും ഉപദ്രവിക്കപ്പെടില്ലെന്ന പ്രതീക്ഷയിൽ. ബന്ധുവും സുഹൃത്തുക്കളും ചേർന്ന്‌ പീഡിപ്പിക്കപ്പെട്ട്‌ സംസ്ഥാനത്തെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കുടുംബവുമാണ്‌ തിരികെ പശ്ചിമ ബംഗാളിലേക്ക്‌ മടങ്ങിയത്‌.   അഭയം തേടിയെത്തിയ നാടിന്റെ സ്‌നേഹമത്രയും അറിഞ്ഞാണ്‌ കുട്ടിയും കുടുംബവും തിരികെ യാത്രക്കൊരുങ്ങിയത്‌. കോഴിക്കോട്ടെത്തിയതു മുതൽ  എല്ലാ സഹായവും ജില്ലാ ശിശുക്ഷേമ സമിതിയടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. താമസിക്കാനുള്ള ഇടമൊരുക്കാനുള്ള നടപടിയും പുരോഗമിക്കുകയായിരുന്നു. അതിനിടെയാണ്‌ നാട്ടിലേക്ക്‌ മടങ്ങാമെന്ന കുടുംബത്തിന്റെ തീരുമാനം. ബംഗാളിൽ സുരക്ഷയും നിയമസഹായവും ഉറപ്പാക്കാനുള്ള നടപടിയും കേരള സർക്കാർ കൈക്കൊണ്ടു. ശിശുക്ഷേമ സമിതിയുടെയും ബാലാവകാശ കമീഷന്റെയും ഇടപെടലിന്റെ ഫലമായി ബംഗാൾ വനിതാ–-ശിശുക്ഷേമ വകുപ്പും കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്‌. നിയമസഹായമടക്കമുള്ള കാര്യങ്ങൾ ലഭിക്കുമെന്ന്‌ ഉറപ്പാക്കാൻ സന്നദ്ധ സംഘടനയായ ബച്‌പൻ ബചാവോ ആന്ദോളനും രംഗത്തുണ്ട്‌. കേസ്‌ നടത്തിപ്പിന് നാട്ടിൽ വേണമെന്നതും കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയുമാണ്‌ മടങ്ങാൻ കുടുംബത്തെ നിർബന്ധിതരാക്കിയത്‌. ശിശുക്ഷേമ സമിതിയുടെ ഇടപെടലിൽ കുട്ടിയുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കി.   സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമീഷനും നടപടിയെടുത്തു.  ഭക്ഷണക്കിറ്റുൾപ്പെടെ നൽകാൻ സന്നദ്ധ സംഘടനകളുമുണ്ടായി. ചൊവ്വാഴ്‌ച വൈകിട്ടത്തെ ട്രെയിനിലാണ്‌ കുടുംബം നാട്ടിലേക്ക്‌ തിരിച്ചത്‌. Read on deshabhimani.com

Related News