ജീവിതം പോരാട്ടമാക്കിയ ഉത്തമ കമ്യൂണിസ്റ്റ്



  ഫറോക്ക് അരനൂറ്റാണ്ട് കാലം കമ്യൂണിസ്റ്റ്–--കർഷക പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച സഖാവാണ്‌ വാളക്കട ബാലകൃഷ്ണൻ. ഫറോക്ക് ഏരിയയിലെ മുതിർന്നവർക്കും ഇളംതലമുറക്കാർക്കുമെല്ലാം ഒരുപോലെ ബാലകൃഷ്‌ണേട്ടനും സർവാദരണീയനുമായിരുന്നു തിങ്കളാഴ്ച രാത്രി വിടവാങ്ങിയ വാളക്കട ബാലകൃഷ്ണൻ.  ഏവർക്കും സുപരിചിതനായ ജനകീയ നേതാവായിരുന്നതിനൊപ്പം സിപിഐ - എമ്മിന്റെയും വർഗ-ബഹുജന സംഘടനകളുടെയും വളർച്ചയിലും സുപ്രധാന പങ്കുവഹിച്ചു. സമരമുഖങ്ങളിൽ തുടക്കം മുതൽ ഒടുക്കം വരെ നിലയുറപ്പിച്ച്  വിജയംവരെ പോരാട്ടം നയിക്കാൻ അസാമാന്യ കഴിവായിരുന്നു സഖാവിന്‌. അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെട്ട് കെഎസ്ആർടിസി ബസിൽ കൊണ്ടുപോയി വസ്ത്രമഴിച്ച് എലത്തൂരിൽ ഇറക്കിവിട്ടവരുടെ കൂട്ടത്തിൽ ഇദ്ദേഹവും  ഉൾപ്പെട്ടിരുന്നു. കർഷകത്തൊഴിലാളി സമരം കൊടുമ്പിരിക്കൊണ്ട 1970കളിൽ കമ്യൂണിസ്റ്റ് പാർടി രംഗത്ത് സജീവമായി വന്ന ഫറോക്കുകാരുടെ പ്രിയപ്പെട്ട "വാളക്കട’  ദീർഘകാലം സിപിഐ- എം ഫറോക്ക് ഏരിയാ സെക്രട്ടറിയായിരുന്നു.- എം പി ദാമോദരന് ശേഷം 1991ൽ ഏരിയാ സെക്രട്ടറിയായി. 2014 ഡിസംബറിലെ പാർടി സമ്മേളനംവരെയും ആ സ്ഥാനത്ത് തുടർന്നു. ഫറോക്കിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മികച്ച പങ്കുവഹിച്ചു. ഫറോക്ക് കോ-–-ഓപ്പറേറ്റീവ് സ്റ്റോർ പ്രസിഡന്റായിരുന്നു. കർഷക തൊഴിലാളി രംഗത്ത് അവസാനംവരെയും പ്രവർത്തിച്ചു. പാർടി നേതാവെന്ന നിലയിൽ ഓരോ പാർടി പ്രവർത്തകന്റെയും മനസ്സറിഞ്ഞ് പ്രതികരിക്കാനുള്ള അസാമാന്യ കഴിവുണ്ടായിരുന്ന അദ്ദേഹം ബേപ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ -സാമൂഹ്യ സംഘടനാ രംഗത്തെ അവസാന വാക്കായിരുന്നു. ഇടതുമുന്നണിയുടെ ബേപ്പൂർ മണ്ഡലം സെക്രട്ടറിയെന്ന നിലയിൽ അവസാനംവരെ പ്രവർത്തിച്ചു. മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള അടുപ്പം ദൃഢമാക്കുന്നതിലും മികവുകാട്ടി.  ജീവകാരുണ്യ പ്രവർത്തന രംഗത്തും ജീവിതാന്ത്യംവരെ പ്രവർത്തിച്ചു. ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ്‌ മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ സംഘാടകനായിരുന്നു. വാളക്കടയുടെ വിയോഗം ബേപ്പൂരിന്റെ തീരാ നഷ്ടമാകും. Read on deshabhimani.com

Related News