ഡോക്ടർക്ക് കോവിഡ്: സ്വകാര്യാശുപത്രി അടച്ചു



    രാമനാട്ടുകര നഗരത്തിലെ സ്വകാര്യ ആശുപത്രിയായ നളന്ദയിലെ വനിതാ ഡോക്ടർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രി അടച്ചു. ഇവരുടെ സമ്പർക്കപ്പട്ടിക അതിവിപുലമായതിനാൽ ജനങ്ങൾ  ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.  ഡോക്ടറായ ഭർത്താവിനൊപ്പമാണ്‌ ആശുപത്രി നടത്തുന്നത്‌. ഇവരും  ജീവനക്കാരുമെല്ലാം നിരീക്ഷണത്തിലായി. ആശുപത്രി അണുവിമുക്തമാക്കി.  രാമനാട്ടുകര നഗരസഭയുൾപ്പെടെ കോഴിക്കോട്, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലായി 663 പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളതായാണ് വിവരം. കഴിഞ്ഞ 24 മുതൽ ഈ മാസം ഒന്നുവരെ ആശുപത്രിയിലെത്തി ചികിത്സ തേടിയവരെല്ലാം സ്വയം നിരീക്ഷണത്തിലായി ആരോഗ്യ വകുപ്പധികൃതരെ അറിയിക്കണം. ഇവരിൽ ഒന്നും രണ്ടും വയസ്സുള്ളതടക്കം 75  കുട്ടികളും അറുപതു മുതൽ നൂറുവയസ്സുവരെ പ്രായമായ അമ്പതോളം പേരുമുണ്ട്.   സമ്പർക്കപ്പട്ടികയിലുള്ളവർ രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലെയും കോർപറേഷനിലെ കൊളത്തറയുൾപ്പെടെ പ്രദേശങ്ങൾ, മലപ്പുറത്തെ വാഴയൂർ, ചെറുകാവ്, ചേലേമ്പ്ര, തേഞ്ഞിപ്പലം, എ ആർ നഗർ, മൂന്നിയൂർ, വള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലുമുള്ളവരാണ്. എല്ലാവരുടെയും വിവരങ്ങൾ രാമനാട്ടുകര നഗരസഭാധികൃതർ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതായി നഗരസഭാധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ പറഞ്ഞു. കൊണ്ടോട്ടി മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട കോവിഡ് ബാധിതൻ കഴിഞ്ഞ 20ന് ഈ ആശുപത്രിയിലെത്തിയിരുന്നു. Read on deshabhimani.com

Related News