ബേപ്പൂരിൽ ബഷീർ സ്മാരകത്തിന് തറക്കല്ലിട്ടു



ഫറോക്ക്  മലയാളത്തിന്റെ   പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്‌ക്കായി സംസ്ഥാന സർക്കാർ  കോഴിക്കോട് കോർപറേഷനുമായി സഹകരിച്ച് ബേപ്പൂരിൽ ഒരുക്കുന്ന " ആകാശമിഠായി "- ബഷീർ സ്മാരകത്തിന്റെ നിർമാണത്തിന്  തുടക്കമായി. വിനോദ സഞ്ചാര വകുപ്പ് 7.37  കോടി രൂപ ചെലവിട്ട് ബേപ്പൂർ ബി സി റോഡരികിൽ വിപുലമായ സൗകര്യങ്ങളോടെയും ഒട്ടേറെ വൈവിധ്യങ്ങളോടെയും നിർമിക്കുന്ന സ്മാരകത്തിന്റെ  ശിലാസ്ഥാപനം പൊതുമരാമത്ത് ടൂറിസം മന്ത്രി  പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.    കോർപറേഷന് കീഴിലുള്ള പഴയ കമ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കി നിർമിക്കുന്ന സ്മാരക മന്ദിരത്തിൽ ഒന്നാം ഘട്ടത്തിൽ എഴുത്തുപുര,  അക്ഷരത്തോട്ടം, കമ്യൂണിറ്റി ഹാൾ, കൾച്ചറൽ സെന്റർ, ഗവേഷണ കേന്ദ്രം, ബഷീർ മ്യൂസിയം, ആംഫി തിയറ്റർ , ഗ്രന്ഥാലയം, കുട്ടികളുടെ കളിസ്ഥലം, വാക് വേ, ഫുഡ് സ്റ്റാളുകൾ തുടങ്ങിയവയാണ്  സജ്ജമാക്കുന്നത്. സമീപത്ത് കോർപറേഷന്റെ   82.69 സെന്റ്‌ സ്ഥലവും   ഇതിന് പുറമെ  14 സെന്റും   കൂട്ടിച്ചേർത്ത് പദ്ധതി വിപുലപ്പെടുത്തും.   ചടങ്ങിൽ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ടൂറിസം ഡയറക്ടർ പി ബി നൂഹ്  മുഖ്യാതിഥിയായി. കോർപറേഷൻ  ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് , അനീസ് ബഷീർ, സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി, കൗൺസിലർ എം ഗിരിജ  തുടങ്ങിയവർ സംസാരിച്ചു. ടൂറിസം ജോ. ഡയറക്ടർ ടി ജി അഭിലാഷ്  സ്വാഗതവും  കോർപറേഷൻ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു. ഷാഹിന ബഷീർ, പുരുഷൻ കടലുണ്ടി തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News