അവധിദിനത്തിലും സജീവമായി 
സർക്കാർ ഓഫീസുകൾ



  വടകര അവധിദിനങ്ങൾ പ്രയോജനപ്പെടുത്തി സർക്കാർ ഓഫീസുകളിൽ ഫയൽ കുടിശ്ശിക തീർപ്പാക്കൽ യജ്ഞം. കോവിഡ്കാല നിയന്ത്രണംമൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി ജൂൺ 15 മുതൽ സെപ്തംബർ 30 വരെ ഫയൽ തീർപ്പാക്കൽ യജ്ഞം നടക്കുകയാണ്‌. പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്തിന് പുറമേയും,  അവധി ദിനങ്ങളിൽ അധിക ജോലി ചെയ്തുമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കാൻ ജീവനക്കാർ സ്വയം സന്നദ്ധമായി മുന്നോട്ടു വന്നത്.   ഈ സാഹചര്യത്തിലാണ് ഫയൽ കുടിശ്ശിക കണക്കെടുപ്പിന് ശേഷമുള്ള ആദ്യ അവധി ദിനമായ ഞായറാഴ്ച  ജോലിക്കെത്തി കുടിശ്ശിക ജോലികൾ തീർക്കാൻ ഓഫീസുകൾ സജീവമായത്. വടകരയിൽ താലൂക്ക് ഓഫീസ്, ആർഡിഒ ഓഫീസ്, റൂറൽ എസ്‌ പി ഓഫീസ്, വിദ്യാഭ്യാസ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, സഹകരണ വകുപ്പ് ഓഫീസ് തുടങ്ങിയവ ഞായറാഴ്ച പ്രവർത്തിച്ചു. വടകര സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും തുറന്നിരുന്നു. വില്ലേജ് ഓഫീസുകളും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുതും വലുതുമായ നിരവധി ഓഫീസുകളും പ്രവർത്തിച്ചു. നൂറുകണക്കിന് ഫയലുകൾ എല്ലാ ഓഫീസുകളിൽ നിന്നുമായി തീർപ്പ് കൽപ്പിക്കാൻ കഴിഞ്ഞതായി ഓഫീസ് മേധാവികൾ പറഞ്ഞു.  Read on deshabhimani.com

Related News