സിഡബ്ല്യുആർഡിഎമ്മിന്‌ പരിസ്ഥിതി 
മിത്രം പുരസ്‌കാരം



കോഴിക്കോട് പരിസ്ഥിതി സംരക്ഷണ മേഖലയിലെ  മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന ‘പരിസ്ഥിതി മിത്ര’ പുരസ്‌കാരത്തിന് കുന്നമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) അർഹരായി. പരിസ്ഥിതി വകുപ്പിന്റേതാണ്‌ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമുൾപ്പെടുന്ന പുരസ്‌കാരം. ദർശനം സാംസ്കാരിക വേദിയുമായി അവാർഡ് പങ്കിടും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. 1978ൽ സംസ്ഥാന സർക്കാരിനു കീഴിൽ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ച സിഡബ്ല്യുആർഡിഎം പിന്നീട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നിയന്ത്രണത്തിലേക്ക് മാറി. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ ജല ശാസ്ത്ര പഠനങ്ങളും ജല പരിപാലന രീതികളും ആവിഷ്കരിക്കുന്നതിൽ സ്ഥാപനം ഗണ്യമായ സംഭാവനകൾ നൽകി.   കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിക്കാൻ മികവിന്റെ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്‌. Read on deshabhimani.com

Related News