പുരസ്കാരനിറവിൽ കലിക്കറ്റ് 
ഇഎംഎംആർസി



തേഞ്ഞിപ്പലം  സംസ്ഥാന ഐടി മിഷന്‍ നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച ഇ-ലേണിങ് സ്ഥാപനത്തിനുള്ള അവാര്‍ഡ് മൂന്നാം തവണയും കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇഎംഎംആര്‍സിക്ക്‌  (എഡ്യുക്കേഷൻ മൾട്ടിമീഡിയ റിസർച്ച്‌ സെന്റർ) സ്വന്തം.  ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍  ഏറ്റവും  കൂടൂതല്‍ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വികസിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയും ചെയ്ത സ്ഥാപനമാണ്  ഇഎംഎംആര്‍സി. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. പഠനരംഗത്തെ ഇലക്ട്രോണിക് ഉള്ളടക്ക നിര്‍മാണമാണ്  അവാര്‍ഡിന് അര്‍ഹമാക്കിയത്. യുജിസിക്കും മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കുംവേണ്ടി നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഇഎംഎംആര്‍സി ഹയര്‍ എഡ്യുക്കേഷന്‍ പോര്‍ട്ടലില്‍ 2018 മുതല്‍ ലഭ്യമാണ്. കോവിഡ് വ്യാപനംമൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടപ്പോൾ  പോര്‍ട്ടല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും   ഉപകാരപ്രദമായിരുന്നു.  2022-ല്‍ ബധിര- മൂക–- ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നിര്‍മിച്ചും ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്തും വിപ്ലവം സൃഷ്ടിച്ചു.  മാനവിക-ശാസ്ത്ര സാങ്കേതിക മേഖലയിലെ വൈഞ്ജാനിക ഉള്ളടക്കത്തെ മാതൃഭാഷയിലേക്ക് കൊണ്ടുവരാന്‍  കേന്ദ്രത്തിന്‌ കഴിഞ്ഞു. ശാസ്ത്രപഠനത്തിനുവേണ്ടിയുള്ള സ്വയംപ്രഭ ടെലിവിഷന്‍ ചാനല്‍-"ആര്യഭട്ട' (ചാനല്‍ നമ്പര്‍ 08) കേന്ദ്രാവിഷ്‌കൃതമായ 34 ചാനലുകളിലെ സുപ്രധാനമായ ഒന്നാണിത്. ഇഎംഎംആര്‍സിയുടെ ഡോക്യുമെന്ററികള്‍  ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.  ഇന്ത്യയുടെ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പ്ലാറ്റ്‌ഫോമായ സ്വയത്തില്‍ (www.swayam.org) ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്ത കോഴ്‌സും ഇഎംഎംആര്‍സിയുടേതാണ്.  സര്‍വകലാശാല സന്ദര്‍ശിച്ച  നാക്  സംഘം കേന്ദ്രത്തിന്റെ സേവനങ്ങളെ പ്രത്യേകം പ്രശംസിച്ചിരുന്നു.   കേന്ദ്ര സർക്കാർ മുന്‍ ഐടി  സെക്രട്ടറി ഡോ. അരുണ സുന്ദര്‍രാജ് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.   ഇഎംഎംആര്‍സിയുടെ നേട്ടത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് അഭിനന്ദിച്ചു. Read on deshabhimani.com

Related News