ആത്മവിശ്വാസത്തിന്റെ ക്രീസിൽ റഈസ്



  ഫറോക്ക്  മലയാളത്തിൽ ബിരുദാനന്തര ബിരുദപഠനം കഴിഞ്ഞ് കുടുംബം പോറ്റാൻ  ശാരീരിക വൈകല്യം മറന്ന് വെൽഡിങ് പണിക്കിറങ്ങിയ റഈസിന് ജോലിക്ക് കൃത്യമായി പോകാൻ ഒഴിവുകിട്ടുന്നില്ല,  കാരണം കളിയിലാണ് കമ്പം.  ഓരോ സീസണിലും കളിക്കളങ്ങളിലേക്കുള്ള സഞ്ചാരമാണ്. ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടീം അംഗവും കേരള ക്യാപ്റ്റനുമായ കൊളത്തറ റഹ്മാൻ ബസാർ അയ്യപ്പൻകണ്ടിപ്പറമ്പ് സീതിന്റകത്ത് റഈസ്, ലോക ഭിന്നശേഷി ദിനമായ ശനിയാഴ്‌ചയും കളിക്കളത്തിലാണ്‌. തമിഴ്നാട് ദിണ്ഡിക്കൽ നാഥം എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ ബംഗ്ലാദേശുമായി ട്വന്റി–-ട്വന്റി മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിലെ കേരളത്തിന്റെ ഏക കളിക്കാരനാണ് റഈസ്‌. ജന്മനാ ഇരുകാലുകൾക്കും വൈകല്യമുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ വലതുകാൽ സാധാരണ നിലയിലായി. ഇടതുകാൽപ്പാദത്തിന്റെ ഒടിവ് മാറ്റാനായില്ലെങ്കിലും തോറ്റു കൊടുക്കാൻ ഒരുക്കമില്ലായിരുന്നു റഈസ്. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിലൂടെ കലിക്കറ്റ് യൂണിവേഴ്സിറ്റി സോഫ്റ്റ് ബോൾ ടീമിലെത്തി. ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ബേസ്ബോൾ കേരള ടീമിലും കുറച്ചുകാലം കളിച്ചു. ഇതിനുശേഷമാണ് ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് ടീമിലെത്തുന്നത്. ഹൈദരാബാദ്, ഔറംഗാബാദ് എന്നിവിടങ്ങളിൽ ദേശീയ മത്സരങ്ങളിൽ കളിച്ച് ബാറ്റ്‌സ്‌മാനായും വിക്കറ്റ് കീപ്പറായും മികവുകാട്ടി. വിജയവാഡയിൽ നടന്ന ദേശീയ മത്സരത്തിൽ തമിഴ്നാടിനെതിരെ മത്സരത്തിനിറങ്ങി കേരളത്തിനായി 22 പന്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു. ഈ മിന്നും പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്. ബാപ്പ ബഷീർ അഞ്ചുവർഷംമുമ്പ് മരിച്ചു. ഉമ്മ: ഹസീന. സഹോദരി ഷിബില. സഹോദരൻ മുഹമ്മദ് ഇജാസ് കേരള യൂണിവേഴ്സിറ്റി ഹോക്കി ടീം അംഗമാണ്. Read on deshabhimani.com

Related News