ബാലുശേരിയിൽ 
ബിജെപിയിൽ പൊട്ടിത്തെറി



കോഴിക്കോട്‌ കേന്ദ്ര ഫിലിം സെൻസർ ബോർഡിലേക്ക് യുവമോർച്ച നേതാവ് ലിബിൻ ബാലുശേരിയെയും, സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ ജ്യേഷ്ഠന്റെ മകൻ അനൂപിനെയും നിയമിച്ചതിൽ ബിജെപി പ്രവർത്തകരിൽ അമർഷം രൂക്ഷം. സംഭവത്തിൽ പ്രതിഷേധിച്ച്‌ മണ്ഡലം പ്രസിഡന്റും നിരവധി പ്രവർത്തകരും  രാജിക്കൊരുങ്ങി.  ബിജെപി മണ്ഡലം പ്രസിഡന്റോ കമ്മിറ്റിയോ അറിയാതെ നേതാക്കളുടെ ആശ്രിതരെയും ബന്ധുക്കളെയും ഇത്തരം പോസ്റ്റുകളിൽ നിയമിച്ചതാണ്‌ പ്രവർത്തകരെ  പ്രതിഷേധത്തിലാക്കിയത്‌. സുരേന്ദ്രന്റെ മകനെ കേന്ദ്രസർക്കാർ ജോലിയിൽ തിരുകി കയറ്റിയതുൾപ്പെടെ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിലാണ് വീണ്ടും പുതിയ പ്രശ്നം ബിജെപിക്ക്‌ തലവേദനയായത്‌.  സ്വന്തം പ്രദേശത്തും അദ്ദേഹത്തിന്റെ പഞ്ചായത്തായ ഉണ്ണികുളത്തും പ്രവർത്തകരുമായി ഒരു ബന്ധവുമില്ലാത്ത  യുവമോർച്ച നേതാവിനെ നേരത്തെ സ്ഥാനാർഥിയാക്കിയപ്പോഴും ഇതേ രീതിയിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. അന്ന് ബിജെപി സ്ഥാനാർഥിക്ക് വോട്ടുകൾ ഗണ്യമായി കുറഞ്ഞതും ഉണ്ണികുളം പഞ്ചായത്തിൽ എല്ലാ ബൂത്തിലും വോട്ട് ചോർച്ച ഉണ്ടായതും വലിയ ചർച്ചയാവുകയും ചെയ്‌തു.  മണ്ഡലം പ്രസിഡന്റിനെ കൂടാതെ ഉണ്ണികുളം പഞ്ചായത്ത്  പ്രസിഡന്റ്‌, കർഷകമോർച്ച നേതാവ്, ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ നിരവധി പേരാണ്‌ രാജിഭീഷണി മുഴക്കിയത്‌. ബിജെപി ഉത്തരമേഖലാ സംഘടനാ സെക്രട്ടറി ജി കാശിനാഥും, ജില്ലാ പ്രസിഡന്റ്‌ വി കെ സജീവനും മണ്ഡലം പ്രസിഡന്റിനെ ജില്ലാ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നാണ്‌ പ്രവർത്തകർ പറയുന്നത്‌.  എന്നാൽ അദ്ദേഹം രാജിയിൽ ഉറച്ചുനിൽക്കുകയാണ്.  വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഇടപെടണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. Read on deshabhimani.com

Related News