കടത്തനാടിന്റെ ടൂറിസം വികസനവും കോടിയേരിയിലൂടെ



സ്വന്തം ലേഖകൻ വടകര കളരിയുടെ പെരുമ നിറഞ്ഞ  കടത്തനാടിനെ വിനോദ സഞ്ചാരമേഖലയിലേക്ക്‌ കൈപിടിച്ച്‌ കയറ്റിയത്‌ കോടിയേരി ടൂറിസം മന്ത്രിയായിരുന്ന കാലഘട്ടത്തിൽ. ലോകനാർകാവും പയംകുറ്റിമലയും സാന്റ്‌ ബാങ്ക്സും ഉൾപ്പെടുന്ന ടൂറിസം കോറിഡോർ എന്ന ആശയത്തിന്‌ ചിറക് വെച്ചത് ഇക്കാലയളവിലാണ്. ലോകനാർകാവിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1.25 കോടി രൂപ അനുവദിച്ചു. 2011 ഫെബ്രുവരിയിൽ കോടിയേരി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. സർക്കാർ മാറി ടൂറിസം വകുപ്പിൽ നിന്നും ഫണ്ട് ലഭിക്കാതായതോടെ പദ്ധതി പാതിവഴിയിൽ നിർത്തിവെയ്‌ക്കേണ്ടി വന്നു. തുടർന്ന് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെയാണ് കിഫ്ബിയുടെ തലശേരി പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി വീണ്ടും തുടങ്ങുന്നത്.  കോടിയേരി മന്ത്രിയായിരുന്ന കാലത്താണ് വടകര റെയിൽവേ സ്റ്റേഷൻ മുതൽ ലോകനാർകാവ് വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി നടന്നത്. വടകര സാന്റ്‌ ബാങ്ക്സിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത് 2006–--11 കാലഘട്ടത്തിലാണ്‌.  ഇക്കാലയളവിൽ തന്നെ നവീകരണ പ്രവൃത്തി തുടങ്ങിയ പയം കുറ്റിമല ടൂറിസം പദ്ധതിയും പണി പൂർത്തിയായി സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. Read on deshabhimani.com

Related News