ഉള്ളുതൊട്ടുണർത്തും തുരുത്തുകൾ

ആയഞ്ചേരിയിലെ തുരുത്ത്


വടകര ഉള്ളുണർത്തുന്ന ചന്തവും ശാന്തതയുമാണ്‌ ആയഞ്ചേരിയിലെ തുരുത്തുകൾക്ക്‌. നോക്കെത്താ ദൂരത്തോളം പരന്നൊഴുകുന്ന പച്ചപ്പിന് മോഹിപ്പിക്കുന്ന നിശ്ശബ്‌ദതയാണ്‌. അവയെ പകുത്ത്‌ വയലുകളുടെ നിര. വയലുകൾക്ക്‌ അരഞ്ഞാണം ചാർത്തി തെളിനീരൊഴുകുന്ന തോട്. അവയിൽ മിന്നായംപോലെ ചാടിമറിയുന്ന മീനുകൾ. പാട്ടുമൂളുന്ന പക്ഷികൾ. ഇങ്ങനെ പലതുണ്ട്‌ കാഴ്‌ചകൾ. പരിക്കേൽക്കാത്ത ആവാസവ്യവസ്ഥയുടെ സൗന്ദര്യമാണിവിടം. പ്രകൃതിയെ കാഴ്‌ചയേക്കാൾ, അനുഭവമാക്കാൻ ആഗ്രഹിക്കുന്നവർ വരാൻ കൊതിക്കുന്ന ഇടം.  ആയഞ്ചേരി പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളാണ്‌ പൊലുതുരുത്തി, അരത്തുരുത്തി, വാളാഞ്ഞിതുരുത്തി, എലത്തുരുത്തി, കോതുരുത്തി എന്നിവ. പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരത്തിലേക്കാണ്‌ ഇവ വാതിൽ തുറക്കുന്നത്‌. അഞ്ച് തുരുത്തുകൾ അമ്പതിലേറെ ഏക്കറിലാണ്‌ വ്യാപിച്ചുകിടക്കുന്നത്. അഞ്ച് ഏക്കറോളമുള്ള ആട്ടാലക്കുനിയും ഈ കാഴ്‌ചകളുടെ ഭാഗമാണ്‌. തുരുത്തുകളുടെ ഭൂരിഭാഗവും പുറമ്പോക്കാണ്. പരിസരത്തെ ഏക്കർ കണക്കിന് തരിശുനിലവും ഇതോട്‌ ചേർന്നുകിടക്കുന്നു. ജനവാസകേന്ദ്രത്തോട് ചേർന്നുള്ള വയലുകളിൽ മാത്രമാണ്‌ നെൽകൃഷിയുള്ളത്.   കേൾക്കാം, 
പ്രകൃതിസംഗീതം  ഹരിജനങ്ങളുടെ കുലക്ഷേത്രവും ശ്മശാനവുമുള്ള ജനവാസമില്ലാത്ത പൊലുതുരുത്തിയാണ് തുരുത്തുകളിൽ പ്രധാനം. ഇവിടെ തീക്കനൽ ചന്തത്തോടെ കാട്ടുചെക്കി യഥേഷ്ടം പൂത്തുലഞ്ഞ് നിൽക്കുന്നു. ദേശാടനപ്പക്ഷികളും നാട്ടുപക്ഷികളും ധാരാളം.  ഇവയെ തേടി വിദ്യാർഥികളും പക്ഷിനിരീക്ഷകരും ധാരാളമായി എത്തുന്നു. മകരമാസത്തിൽ ക്ഷേത്രത്തിൽ നാലുനാൾ നീളുന്ന ഉത്സവമുണ്ട്‌. വാളാഞ്ഞി, എലത്തുരുത്തി, കോതുരുത്തി, അരത്തുരുത്തി എന്നിവയിലായി അറുപതോളം കുടുംബങ്ങളുണ്ട്.  മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിലും റോഡുകളും പാലങ്ങളും പണിത്‌ വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കാൻ അനന്തസാധ്യതകളുണ്ട്‌.  നാലുഭാഗവും വയലുകളാൽ ചുറ്റപ്പെട്ട തുരുത്തുകൾ ദേശാടനപ്പക്ഷികളുടെ ഇഷ്ടകേന്ദ്രമാണ്. ജലപക്ഷികളായ മീൻകൊത്തി, താമരക്കോഴി, നീലക്കോഴി, എരണ്ട, കാലിമുണ്ടി, ചെറുമുണ്ടി, ചാരമുണ്ടി, നമിച്ചി ഇറപ്പൻ, കഷണ്ടിക്കൊക്ക്, ചേരക്കൊക്ക് എന്നിവ യഥേഷ്ടമുണ്ട്‌. തോട്ടിലും വയലിലും നാടൻമത്സ്യങ്ങളായ കടു, കടുങ്ങാലി, വാള, ചെമ്പല്ലി, ഏട്ട, ഇത്തിക്കൊഞ്ചൻ എന്നിവ പുളയ്‌ക്കുന്നത്‌  കാണാം.  ഇങ്ങനെ എത്താം വടകരയിൽനിന്ന്‌ 13 കിലോമീറ്റർ സഞ്ചരിച്ചാൽ ആയഞ്ചേരിയിൽ എത്താം. തറോപൊയിൽ ഭാഗത്തേക്ക്‌ രണ്ടുകിലോമീറ്റർ പിന്നിട്ടാൽ ശശിമുക്കിലെത്തും. ഇവിടെനിന്ന്‌ ഒരു കി. മീ അകലെയാണ്‌ തുരുത്ത്‌. Read on deshabhimani.com

Related News