എയിംസ്: കിനാലൂരിൽ 
ഭൂമി കൈമാറൽ നടപടി 
അവസാനഘട്ടത്തിൽ



ബാലുശേരി   സംസ്ഥാനത്തിന്‌ അനുവദിക്കുമെന്ന്‌ കരുതുന്ന എയിംസിനായി (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കിനാലൂരിലെ 153.46 ഏക്കർ മെഡിക്കൽ വിദ്യാഭ്യാസബോർഡിന് കൈമാറുന്ന നടപടി അന്തിമഘട്ടത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതോടെയാണ്, കിനാലൂരിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ വിട്ടുനൽകിയ ഭൂമി റവന്യൂ വിഭാഗം അളന്ന് തിട്ടപ്പെടുത്തി ആരോഗ്യ വകുപ്പിന് കൈമാറുന്ന നടപടി പൂർത്തിയാക്കുന്നത്‌.  എയിംസ് തുടങ്ങാനാവശ്യമായ 200 ഏക്കറിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാനാവുമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇനിയും ഭൂമി വേണ്ടതിനാൽ വ്യവസായ വകുപ്പിന് കീഴിലെ സ്ഥലത്തിനുപുറമെ സ്വകാര്യ വ്യക്തികളിൽനിന്ന്‌ ഏറ്റെടുക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്‌. കാന്തലാട്, കിനാലൂർ വില്ലേജുകളിലെ 80 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയുള്ള ഉത്തരവാണ്‌ റവന്യു വകുപ്പ് ഇറക്കിയത്‌. ആരോഗ്യമന്ത്രി വീണാ ജോർജ്‌, ആരോഗ്യ വകുപ്പ് സെക്രട്ടറി, റവന്യു സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ള സംഘം കിനാലൂർ സന്ദർശിച്ചിരുന്നു. Read on deshabhimani.com

Related News