സൈക്കിളിന്റെ ബ്രാൻഡ്‌ അംബാസഡർ

നാരായണൻ വൈദ്യർ സെെക്കിളിൽ


ബാലുശേരി നാരായണൻ വൈദ്യരുടെ ജീവിതദർശനമാണ്‌ സൈക്കിൾ. ലളിതജീവിതത്തിന്റെയും പരിസ്ഥിതി സൗഹൃദമായ ജീവിതശൈലിയുടെയും മുദ്രയുമാണത്‌. ഇരമ്പിമറയുന്ന പുതുതലമുറ വാഹനങ്ങളുടെ തിരക്കുകൾക്ക്‌ നടുവിലൂടെ നാരായണൻ വൈദ്യരുടെ സൈക്കിൾ അഞ്ചുപതിറ്റാണ്ടായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. 83 വയസ്സിനിപ്പുറം ബാക്കിയാവുന്ന ചെറുപ്പത്തിന്റെ രഹസ്യം അന്വേഷിക്കുന്നവരോട്‌ ചിരിച്ചുകൊണ്ട്‌ ഹെർക്കുലിസ്‌ കാട്ടിത്തരുന്നുണ്ട്‌ വൈദ്യർ.  നിർമല്ലൂരിലെ താമരൻകണ്ടി നാരായണൻ വൈദ്യർ സ്വന്തമാക്കിയ അഞ്ചാമത്തെ സൈക്കിളാണ്‌ ഇപ്പോഴത്തേത്‌. 54 വർഷമായി സൈക്കിളിലാണ്‌ പതിവ്‌ യാത്രകൾ. വാകയാട് എയുപി സ്കൂളിനടുത്ത് 50 വർഷം പിന്നിട്ട  ക്ലിനിക്കിലേക്ക് രാവിലെ പത്തോടെയാണെത്തുക. രാവിലെ വീട്ടിൽനിന്ന് ക്ലിനിക്കിലേക്കുള്ള യാത്രയും മടക്കവും ഇതിലാണ്‌.  അഞ്ച് കിലോമീറ്ററാണ്‌ പതിവുസവാരി.  കോട്ടക്കലിൽനിന്ന് ഡിഎഎം  പഠനം പൂർത്തിയാക്കിയ വൈദ്യർ 1969ലാണ് വാകയാട് പതിനാന്നുകണ്ടിയിൽ ആയുർവേദ ക്ലിനിക്കാരംഭിക്കുന്നത്.  സമീപ പ്രദേശങ്ങളിലൊന്നും അലോപ്പതി ഡോക്ടർമാരില്ലാത്ത കാലത്ത്‌ വീടുകളിൽ ചെന്നായിരുന്നു ചികിത്സ.   നാട്ടിടവഴികളിലൂടെയും മൺപാതകളിലൂടെയും മണിയൊച്ചമുഴക്കി വൈദ്യരുടെ സൈക്കിൾ  സഞ്ചരിച്ചു. രോഗശാന്തിക്കായുള്ള യാത്രകൾക്കൊപ്പം കൂട്ടിയ സൈക്കിളിനെ പിന്നീടൊരിക്കലും കൈവിട്ടില്ല. മോട്ടോർ കാറുകളുടെകാലത്ത്‌ ഇങ്ങനെ ഇഴഞ്ഞുനീങ്ങണോയെന്ന ചോദ്യത്തെ രക്തസമ്മർദവും പ്രമേഹവുമില്ലാത്ത ജീവിതം തൊട്ട്‌ മറുപടി.  1969 മുതൽ കർമരംഗത്ത് സജീവമായ ഇദ്ദേഹത്തിന്‌ ഡോക്ടറെന്ന വിളിപ്പേരിനെക്കാൾ ഇഷ്ടം വൈദ്യരായി അറിയപ്പെടാനാണ്‌. സൈക്കിളിനോടെന്നപോലെ ആ വിളിയോടുമുണ്ട്‌  തീരാത്ത ഇഷ്ടം. Read on deshabhimani.com

Related News