അരിവാളുമായി ടെക്കികൾ, 
കൊയ്‌തെടുത്തു രക്തശാലി



    കോഴിക്കോട്‌  കംപ്യൂട്ടറും ലാപ്‌ടോപ്പും മാറ്റിവച്ച്‌ കൊയ്‌ത്തരിവാളുമായി ‘ടെക്കി’കൾ ഇറങ്ങി,  കൈ നിറയെ നെല്ല്‌ കൊയ്‌തെടുത്തു. സൈബറിടത്തിൽ നിന്ന്‌ പാടത്തിറങ്ങുന്ന ഈ ന്യൂജൻ കൃഷിക്കാഴ്‌ച ഊരാളുങ്കൽ സൈബർ പാർക്കിലായിരുന്നു. ബൈപാസിനോടു‌ ചേർന്ന സഹകരണ സൈബർ പാർക്കിൽ ബുധൻ ഉച്ചക്കായിരുന്നു കൊയ്‌ത്തുത്സവം.  ഐടി വിദഗ്‌ധരുടെയും സൈബർ പാർക്ക്‌ ജീവനക്കാരുടെയും കൂട്ടായ്‌മയിലാണ്‌ കൃഷിയിറക്കിയത്‌. യുഎൽസിസിഎസ്‌ ചെയർമാൻ രമേശൻ പാലേരി കൊയ്‌ത്തുത്സവം ഉദ്‌ഘാടനം ചെയ്‌തു. യുഎൽസിസിഎസ്‌ ഡയറക്ടർമാരായ ശ്രീജ മുരളി, അനൂപ ശശി, വിവിധ കമ്പനി സിഇഒമാർ, ജീവനക്കാർ എന്നിവർ പങ്കാളികളായി.  പ്രൊഫഷണലുകളെയടക്കം കൃഷിയും പ്രകൃതിയുമായി ഇണക്കിയുള്ള ജൈവബന്ധം വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ നെല്ല്‌ കൃഷി ചെയ്‌തതെന്ന്‌ രമേശൻ പാലേരി പറഞ്ഞു.  ഔഷധഗുണമേറിയ രക്തശാലി നെല്ലാണ്‌ ഐടി വിദഗ്‌ധർ വിളയിച്ചത്‌.    സൈബർ പാർക്കിനു‌ മുന്നിൽ 15 സെന്റ്‌ സ്ഥലത്തായിരുന്നു നെൽക്കൃഷി. ആഗസ്‌തിലാണ്‌ വിത്തിട്ടത്‌.  പാർക്കിലെ മരങ്ങളുടെ ഇലകളുപയോഗിച്ച്‌ ജൈവരീതിയിലായിരുന്നു കൃഷി. ഇത്‌ മൂന്നാം തവണയാണിവിടെ നെല്ല്‌ വിളയിക്കുന്നത്‌.  പച്ചക്കറിയും പഴങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്‌. സഹകരണ മേഖലയിൽ വിസ്‌മയമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി നേതൃത്വത്തിൽ  2016ൽ തുടങ്ങിയ യുഎൽ സൈബർ പാർക്കിൽ ഇപ്പോൾ 83 ഐടി കമ്പനികളിലായി രണ്ടായിരത്തോളം പേർ തൊഴിലെടുക്കുന്നുണ്ട്‌. Read on deshabhimani.com

Related News