റെയില്‍വേ ജോലി തട്ടിപ്പ്: 
2 പേർക്കെതിരെ കേസെടുത്തു



സ്വന്തം ലേഖകൻ മുക്കം സതേണ്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. തട്ടിപ്പിനിരയായവരുടെ പരാതിയിൽ മലപ്പുറം എടപ്പാൾ സ്വദേശിനി വട്ടംകുളം കവുപ്ര അശ്വതി വാര്യർ, മുക്കത്തിനടുത്ത വല്ലത്തായിപാറ മണ്ണാർക്കണ്ടി എം കെ ഷിജു എന്നിവരുടെ പേരിലാണ് മുക്കം പൊലീസ് കേസെടുത്തത്. സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. ഷിജു എസ്‌സി മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റും ബിജെപി പ്രാദേശിക നേതാവുമാണ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശിയും തട്ടിപ്പുനടത്തി മുങ്ങിയ സംഘത്തിലുണ്ട്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ചാണ് ക്ലര്‍ക്ക് ഉള്‍പ്പെടെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയത്. സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ എല്ലാവർക്കും വ്യാജ നിയമനോത്തരവും നല്‍കി. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി  കെ കൃഷ്ണദാസിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കാണിച്ചാണ് കബളിപ്പിച്ചതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. 50,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെയാണ് പലരില്‍നിന്നായി ഈടാക്കിയത്. മുക്കം, തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി വിവിധ സ്‌റ്റേഷനുകളില്‍ തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പരാതിക്കാരെ വിളിച്ച് കൂടൂതല്‍ വിവരങ്ങള്‍ തേടിയതായും മൊഴി രേഖപ്പെടുത്തി അന്വേഷണം ഊർജിതമാക്കുമെന്നും മുക്കം ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷ് പറഞ്ഞു.     പരാതി പിൻവലിപ്പിക്കാൻ ഇടനിലക്കാർ ഇരകളുടെമേൽ സമ്മർദംചെലുത്തുന്നുണ്ട്. വാങ്ങിയ പണം ഗഡുക്കളായി തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമം. തട്ടിപ്പുകാരിൽ പലരും ബിജെപി ബന്ധമുള്ളവരാണ്. ഷിജുവിനെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ്‌ പറഞ്ഞു. Read on deshabhimani.com

Related News