ആഹ്ലാദോത്സവം

സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസിനൊപ്പം സെൽഫിയെടുക്കുന്ന കുട്ടികൾ. മെഡിക്കൽ കോളേജ് ക്യാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള ദൃശ്യം


കോഴിക്കോട്‌ നിറചിരിയുമായാണ്‌ ശ്രീദേവ്‌ രക്ഷിതാക്കൾക്കൊപ്പം സ്‌കൂളിലെത്തിയത്‌. ഒന്നാം ക്ലാസിലെ ഒന്നാം ദിനത്തിൽ രാവിലെ തന്നെ കുളിച്ച്‌ റെഡിയായി ആവേശത്തിലാണ്‌. സ്‌കൂളിൽ നഴ്‌സറിയിലെ കൂട്ടുകാരെയെല്ലാം വീണ്ടും കാണാമെന്ന ആഹ്ലാദമാണ്‌ മുഖത്ത്‌. കൈയിൽ സമ്മാനമായി കിട്ടിയ വർണ ബലൂണുണ്ട്‌. കിൻഡർ ഗാർട്ടനിൽ ആദ്യമായെത്തുന്ന ടീമയ്‌ക്കും സമ്മാനം കിട്ടിയതിന്റെ സന്തോഷമാണ്‌.  പിണക്കമോ കരച്ചിലോ ഇല്ല, സന്തോഷക്കാഴ്‌ചകളാണ്‌ പ്രവേശനോത്സവത്തിന്റെ ജില്ലാ ഉദ്‌ഘാടനം നടക്കുന്ന മെഡിക്കൽ കോളേജ് ക്യാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ.  ചേട്ടൻമാരും ചേച്ചിമാരും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ്‌ നവാഗതരെ സ്വീകരിച്ചത്‌. വർണ ബലൂണും ക്രയോൺസും സമ്മാനങ്ങളുമായി സ്‌കൂൾ അധികൃതരും വരവേറ്റു. മധുരം നൽകിയും പാട്ടുപാടിയും അധ്യയന വർഷാരംഭം ഗംഭീരമാക്കി. സ്‌കൂളുകളെല്ലാം വ്യത്യസ്തമായ പരിപാടകളാണ്‌ സംഘടിപ്പിച്ചത്‌. സർക്കാർ തണലിൽ പുതുമോടിയണിഞ്ഞ വിദ്യാലയങ്ങളിൽ ഉത്സവാന്തരീക്ഷമായിരുന്നു. പ്രവേശനോത്സവം നാടിന്റെ ആഘോഷമായി.  ജില്ലാ ഉദ്ഘാടനം മെഡിക്കൽ കോളേജ് ക്യാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.  മന്ത്രി അങ്കിളിനൊപ്പം സെൽഫിയെടുക്കാനുള്ള തിടുക്കത്തിലായിരുന്നു വിദ്യാർഥികൾ. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.  രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ രണ്ടാം ക്ലാസുകാരി ആഗ്ന യാമി വിശിഷ്ടാതിഥിയായി.  കവിത ചൊല്ലാമോയെന്ന മന്ത്രിയുടെ അഭ്യർഥനയിൽ സ്‌കൂളിനെയും അമ്മയേയും കുറിച്ചുള്ള രണ്ട്‌ കവിത ആഗ്ന യാമി അവതരിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി മികവ് പരിപാടിയിലെ വിജയികളെ ആദരിച്ചു. കലക്ടർ എ ഗീത ‘ഹലോ ഇംഗ്ലീഷ് സ്റ്റോറി' പുസ്തകങ്ങൾ പ്രകാശിപ്പിച്ചു.  കോർപറേഷൻ കൗൺസിലർ കെ മോഹൻ സ്വാഗതവും പ്രധാനാധ്യാപകൻ ഡോ. എൻ പ്രമോദ് നന്ദിയും പറഞ്ഞു. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി രേഖ, വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ, എസ്‌എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം, ആർഡിഡി എം സന്തോഷ് കുമാർ തുടങ്ങിയവർ ചേർന്ന്‌ കുട്ടികൾക്ക്‌ സമ്മാനം നൽകി. കുട്ടികളുടെ സ്വാഗതനൃത്തത്തോടെയാണ്‌ ഉദ്‌ഘാടന ചടങ്ങ്‌ തുടങ്ങിയത്‌. Read on deshabhimani.com

Related News