ലോകത്തെ ജയിക്കണം

കൊളത്തറ കലിക്കറ്റ് വികലാംഗ വിദ്യാലയത്തിലെ പ്രവേശനോത്സവം


ഫറോക്ക്  വെളിച്ചം അണഞ്ഞ ശബ്‌നയുടെ കണ്ണുകൾ സ്‌കൂൾ മുറ്റത്തെ അലങ്കാരങ്ങളോ ചുറ്റിലുമുള്ള വർണബലൂണുകളോ കാണുന്നുണ്ടായിരുന്നില്ല. പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസുകാരി ശബ്‌ന ‘പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച, പാലുവച്ച പാത്രം വൃത്തിയാക്കി പൂച്ച’യെന്ന കുഞ്ഞുണ്ണിക്കവിത ചൊല്ലുമ്പോൾ അകക്കണ്ണിൽ പൂച്ചയും പാൽപ്പാത്രവുമെല്ലാം ഉണ്ടായിരുന്നു.  ചുറ്റിലുമുണ്ടായിരുന്ന പരസ്‌പരം കാണാൻ കഴിയാത്തവരും മിണ്ടാനാവാത്തവരും കേൾവിയില്ലാത്തവരും ചേർന്ന്‌ ശബ്‌നയുടെ പൂച്ചപ്പാട്ടിനെ കൂട്ടപ്പാട്ടാക്കി.  കോഴിക്കോട് കോർപറേഷനിലെ കൊളത്തറ കലിക്കറ്റ് വികലാംഗ വിദ്യാലയം പരിമിതികളെ ജയിക്കാനെത്തിയവരുടെ ലോകമാണ്‌. കുഞ്ഞുപ്രായത്തിലെ കുറുമ്പുകൾക്കിടെയാണ്‌ രോഗം ശബ്‌നയുടെ കണ്ണിനെ ഇരുട്ടിലാക്കിയത്‌. ആറാം ക്ലാസിൽ ഈ വർഷമെത്തിയ അഹമ്മദ് റയാന്റെ തുടക്കം ഹിന്ദി പാട്ടോടെയായിരുന്നു.  കാഴ്ച, കേൾവി പരിമിതർക്ക് സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെ മികച്ച പഠന സൗകര്യമൊരുക്കുന്ന വിദ്യാലയത്തിൽ ഇത്തവണയും പ്രവേശനോത്സവം  കളറാണ്‌. സംസ്ഥാനത്തെ വിവിധ ജില്ലകളിലെയും ഇതര സംസ്ഥാനങ്ങളിലെയും കുട്ടികൾ ഇവിടെയുണ്ട്‌.  പ്രവേശനോത്സവം പ്രിൻസിപ്പൽ വി കെ ഷാഹുൽ ഹമീദ് ഉദ്‌ഘാടനംചെയ്തു. നവാഗതർക്ക് സമ്മാനങ്ങളും വിതരണംചെയ്തു. പ്രധാനാധ്യാപകൻ കെ നൂറുദ്ദീൻ കോയ അധ്യക്ഷനായി. എം ഗഫൂർ, എം ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News