കടലാസിൽ ചിരിക്കുന്നത്‌ മ്മളല്ലേ...

കാരിക്കേച്ചറുമായി പുത്തൂർ ജെബി സ്കൂൾ വിദ്യാർഥികൾ ലിഖിത്തിനൊപ്പം


വടകര ആദ്യ ദിവസം സ്‌കൂളിലെത്തുമ്പോൾ അഥീതയ്‌ക്കും അന്വിതയ്‌ക്കും ഇത്തിരി അമ്പരപ്പ്‌ ബാക്കിയുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും അമ്പരപ്പ്‌ ആശ്ചര്യത്തിന്‌ വഴിമാറി. ‘അല്ല, വെള്ളക്കടലാസിൽ ചിരിച്ച്‌ നിക്കണത്‌ മ്മളല്ലേ’ എന്നായിരുന്നു പരസ്‌പരമുള്ള ചോദ്യം. പ്രദേശത്തുകാരനായ കാരിക്കേച്ചർ കലാകാരൻ ലിഖിത്‌ തത്തോത്താണ്‌ പുത്തൂർ ജെബി സ്കൂളിൽ പ്രവേശനോത്സവ ദിവസം എത്തിയ മുഴുവൻ കുരുന്നുകളെയും തത്സമയം വരച്ചുനൽകിയത്‌. നിന്നനിൽപ്പിൽ കാരിക്കേച്ചർ വരച്ചുകിട്ടിയപ്പോൾ ഒത്തുനോക്കിയും ചേർത്തുപിടിച്ചും സന്തോഷച്ചിരിയിലായി കുട്ടികൾ. എല്ലാവരുടെയും മുഖത്ത്‌ അക്ഷരമുറ്റത്ത്‌ ലഭിച്ച ആദ്യ സമ്മാനത്തിന്റെ ത്രിൽ.  പ്രവേശനോത്സവം വ്യത്യസ്തമാക്കാനുള്ള സ്‌കൂൾ അധികൃതരുടെ അന്വേഷണമാണ്‌ തത്സമയ കാരിക്കേച്ചറായി മാറിയത്‌. സുധാകരൻ തത്തോത്തിന്റെയും ദിവ്യയുടെയും മകനാണ്‌ ലിഖിത്‌. 10 വയസ്സുമുതൽ കാരിക്കേച്ചർ രംഗത്ത് സജീവമാണ്‌. പ്രവേശനോത്സവം തയ്യുള്ളതിൽ രാജൻ ഉദ്ഘാടനം ചെയ്തു.   Read on deshabhimani.com

Related News