ഹജ്ജിന്‌ വനിതാ തീര്‍ഥാടകര്‍ക്ക് 
പ്രത്യേക വിമാനം



കോഴിക്കോട്  ഹജ്ജ് തീർഥാടനത്തിന് ഇത്തവണ വനിതാ യാത്രികർക്ക് (ലേഡീസ് വിത്തൗട്ട് മെഹറം) പ്രത്യേക വിമാനം. എട്ടിന് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നാണ് പൈലറ്റ് ഉൾപ്പെടെ ജീവനക്കാരും തീർഥാടകരും വനിതകളായുള്ള പ്രത്യേക വിമാനം പുറപ്പെടുക.  സംസ്ഥാനത്ത് ആദ്യമായി മൂന്ന് എംബാർക്കേഷൻ പോയിന്റുകളും ഇത്തവണ അനുവദിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്ന്‌ ഈ വർഷം ഹജ്ജിന് പുറപ്പെടാം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വന്നശേഷം എംബാർക്കേഷൻ പോയിന്റ് അനുവദിക്കുന്നത് ഇതാദ്യമായാണ്. 2018 മുതൽ കണ്ണൂരിൽ എംബാർക്കേഷൻ  അനുവദിക്കാനുള്ള  മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സർക്കാരിന്റെയും പരിശ്രമം ഫലംകണ്ടു.  11,121 പേർക്കാണ് ഇത്തവണ ഹജ്ജിന് അവസരം. ഇതിൽ 6831  സ്ത്രീകളും 4290 പുരുഷൻമാരുമാണ്.  മറ്റു സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള 290 പേരും കേരളത്തിൽനിന്ന് യാത്രതിരിക്കും. 35 ദിവസം നീളുന്ന യാത്രയിൽ  ഒമ്പത്‌ വനിതകൾ ഉൾപ്പെടെ 30 വളന്റിയർമാരുണ്ടാകും. ഹജ്ജ് ക്യാമ്പ് സംസ്ഥാന ഉദ്ഘാടനം ശനി രാവിലെ 10ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യ ഹജ്ജ് വിമാനം ഞായർ പുലർച്ചെ 1.45ന് പുറപ്പെടും.  ഒമ്പത്‌ കോടി രൂപ ചെലവിൽ കരിപ്പൂരിൽ നിർമിച്ച ഹജ്ജ് ഹൗസ് വനിതാ ബ്ലോക്ക് ശനി വൈകിട്ട് നാലിന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്യും. ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് ആറിന് പകൽ മൂന്നിന് മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഡ്വ. പി മൊയ്തീൻകുട്ടി, ഡോ. ഐ പി അബ്ദുൽ സലാം, പി പി മുഹമ്മദ് റാഫി, മുഹമ്മദ് കാസിം പൊന്നാനി, പി എം ഹമീദ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News