ഒന്നരവയസ്സുകാരിയുടെ സ്രവം ഇന്ന്‌ 
വിദഗ്‌ധ പരിശോധനക്കയക്കും



  കോഴിക്കോട്‌  സ്വകാര്യ ഭാഗത്ത് മുറിവേറ്റ  പന്നിയങ്കര സ്വദേശിയായ ഒന്നരവയസ്സുകാരിയുടെ ആന്തരിക ഭാഗത്തെ സ്രവം വിദഗ്‌ധ പരിശോധനക്കയക്കും. മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ശേഖരിച്ച സ്രവം പ്രത്യേക പോക്‌സോ കോടതിക്ക്‌ കൈമാറി. ഇത്‌ വെള്ളിയാഴ്‌ച പന്നിയങ്കര പൊലീസ്‌ കണ്ണൂർ റീജണൽ ഫോറൻസിക്‌ ലാബിലേക്ക്‌ കൊണ്ടുപോകും. കുട്ടിക്കുനേരെ അതിക്രമമുണ്ടായോ എന്നതിൽ ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം.  മെയ്‌ 22നാണ് പന്നിയങ്കര സ്വദേശികളായ അമ്മയും മകളും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കളിക്കുമ്പോൾ കമ്പുകൊണ്ടോ മറ്റോ മുറിഞ്ഞതാണെന്നാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതർ പന്നിയങ്കര പൊലീസിനെ അറിയിച്ചു. കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിക്കുനേരെ അതിക്രമം നടന്നിട്ടില്ലെന്നും അതിനാൽ പരാതിയില്ലെന്നുമാണ്‌ ബന്ധുക്കൾ അറിയിച്ചത്‌.  മെഡിക്കൽ കോളേജ് മാതൃ–-ശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടിക്ക്‌ കൊളാസ്റ്റമി ശസ്ത്രക്രിയ നടത്തി. മലദ്വാരത്തിലേറ്റ മുറിവും കുടലുകളിലുണ്ടായ ക്ഷതവും ​ഗുരുതരമാണെന്ന്‌ ഡോക്ടർമാർ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിക്ക്‌ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സ്രവം പരിശോധിക്കുന്നത്‌. ഫോറൻസിക്‌ ലാബിൽ സ്രവ പരിശോധനയ്‌ക്ക്‌ എഫ്‌ഐആർ ആവശ്യമായതിനാൽ കുട്ടിയുടെ അമ്മയെക്കൊണ്ട്‌ പന്നിയങ്കര പൊലീസ്‌ പരാതി എഴുതി വാങ്ങിക്കുകയായിരുന്നു. കേസ്‌ ഫയൽ പൊലീസ്‌ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്‌. വെള്ളിയാഴ്‌ച കോടതി അനുമതിയോടെ സ്രവം പരിശോധനക്ക്‌ അയക്കും.   ജില്ലാ പൊലീസ്‌ മേധാവി റിപ്പോർട്ട്‌ നൽകണം കോഴിക്കോട്‌  കുട്ടിക്ക്‌ മുറിവേറ്റത്‌ എങ്ങനെയെന്ന്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാൻ ജില്ലാ പൊലീസ്‌ മേധാവിയോട്‌ രേഖാമൂലം ആവശ്യപ്പെട്ടതായി ജില്ലാ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. അബ്ദുൾ നാസർ പറഞ്ഞു. രക്ഷിതാക്കൾക്ക്‌ പരാതിയില്ലാത്തതിനാൽ പന്നിയങ്കര പൊലീസ്‌ കേസെടുത്തിരുന്നില്ല. എന്നാൽ, അതിക്രമം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സിഡബ്ല്യുസി ജില്ലാ പൊലീസ്‌ മേധാവിയെ സമീപിച്ചത്‌. Read on deshabhimani.com

Related News