രോഗി ബാഹുല്യത്താൽ മെഡിക്കൽ കോളേജ് വീർപ്പുമുട്ടുന്നു



കോഴിക്കോട്   രോഗികളുടെ ബാഹുല്യത്താൽ മെഡിക്കൽ കോളേജ് ആശുപത്രി വീർപ്പുമുട്ടുന്നു. സൗകര്യങ്ങൾ വർധിച്ചതോടെ കൂടുതൽ പേർ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നുണ്ട്‌. ചൊവ്വാഴ്ച 3521 രോഗികളാണ് എംസിഎച്ചിലും സൂപ്പർ സ്‌പെഷ്യാലിറ്റി, ത്രിതല ക്യാൻസർ സെന്ററിലുമായി ചികിത്സ തേടിയെത്തിയത്. കിടത്തി ചികിത്സയിൽ 1701 പേരുണ്ട്‌. മെഡിസിൻ വിഭാഗത്തിലാണ് ഏറ്റവും തിരക്ക്‌. വാർഡ് എട്ടിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുന്ന ഡബിൾ അഡ്മിഷനാണ് തിരക്ക്‌ കൂടാനുള്ള കാരണം. കൂടാതെ അത്യാഹിത വിഭാഗത്തിലെത്തുന്ന 600 രോഗികളിൽ ഏറെപേരെയും മെഡിസിൽ വാർഡിലാണ് പ്രവേശിപ്പിക്കുന്നത്. ഇപ്പോൾ വാർഡ് എട്ടിൽ 110 രോഗികളുണ്ട്. കിടക്കയുടെ എണ്ണം 28 മാത്രം. അതിനാൽ പലർക്കും വരാന്തയെ ആശ്രയിക്കേണ്ടിവരുന്നു. ആറ്, ഏഴ്, എട്ട് വാർഡുകളിലെ വരാന്തയിൽ രോഗികൾ നിറഞ്ഞിരിക്കുകയാണ്‌. മെഡിസിൻ വിഭാഗത്തിന് രണ്ടു വാർഡ്‌ കൂടി അനുവദിച്ചാൽ തിരക്ക് കുറയ്‌ക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വവ്വാലിന്റെ പ്രജനന സമയമായതിനാൽ, ബോധക്ഷയംപോലുള്ള ലക്ഷണങ്ങളുമായി വരുന്ന രോഗികളിൽ നിപായടക്കമുള്ള പരിശോധന നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച യുവതിക്ക് സമാന ലക്ഷണമായതിനാൽ പരിശോധനാ ഫലം വരുന്നതുവരെ അധികൃതർ മുൾമുനയിലായിരുന്നു.  ആരോഗ്യകേന്ദ്രങ്ങൾ, ജില്ലാ ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽനിന്ന് റഫർ ചെയ്യുന്നവരാണ് ഏറെപ്പേരും. ബീച്ച് ആശുപത്രിയിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിച്ച് മെഡിക്കൽ കോളേജിൽനിന്ന് രോഗികൾക്ക് ടെസ്‌റ്റും ചികിത്സയും നിർദേശിച്ച് തിരിച്ച് റഫർ ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തിയാൽ തിരക്ക്‌ അൽപ്പമെങ്കിലും കുറയ്‌ക്കാനാവുമെന്ന്‌ മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.   Read on deshabhimani.com

Related News