300 രൂപ നൽകിയാൽ ഹെൽത്ത്‌ കാർഡ്‌ വാങ്ങാം



കോഴിക്കോട്‌ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്‌ നടപ്പാക്കുന്ന ഹെൽത്ത്‌ കാർഡ്‌ മറയാക്കി സ്വകാര്യ ലാബ്‌ ശൃംഖല തട്ടിപ്പ്‌ നടത്തുന്നു. മാനദണ്ഡപ്രകാരമുള്ള പരിശോധന മുഴുവനായി നടത്താതെ 300 രൂപ ഈടാക്കി വ്യാപകമായി  കാർഡ്‌ നൽകുകയാണ്‌. സ്‌പെഷ്യൽ ക്യാമ്പ്‌ മാതൃകയിൽ പരിപാടി  സംഘടിപ്പിച്ചാണ്‌ ഡോക്ടറുടെ ഒപ്പോടെയുള്ള കാർഡ്‌ പലയിടത്തും   നൽകുന്നത്‌.  ഹോട്ടലുകളിലും മറ്റുമുള്ള ജീവനക്കാർ ശരീര പരിശോധന, കാഴ്ചശക്തി, ത്വക്‌‌രോഗങ്ങൾ, വ്രണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധനക്ക്‌ വിധേയമാകണം. വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ പകർച്ചവ്യാധികളുണ്ടോ എന്നതും പരിശോധിക്കണം. ഇത്‌ വിലയിരുത്തിയാണ്‌ രജിസ്‌ട്രേഡ്‌ മെഡിക്കൽ പ്രാക്‌ടീഷണർ ഒപ്പും സീലുമുള്ള ഹെൽത്ത്‌ കാർഡ്‌ അനുവദിക്കുക. സ്വകാര്യലാബുകളിൽ 900 രൂപയും സർക്കാർ ആശുപത്രികളിൽ 400 രൂപയുമാണ്‌ പരിശോധന‌ക്ക്‌ ഈടാക്കുന്നത്‌. 300 രൂപ‌ക്ക്‌ മുഴുവൻ പരിശോധനയും നടത്താനാവില്ലെന്നും ക്രമക്കേടുണ്ടെന്നുമാണ്‌ ആക്ഷേപം.  സ്ഥാപന ഉടമകളാണ്‌ അതത്‌ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ കാർഡ്‌ എടുത്തുകൊടുക്കുന്നത്‌. ചെറിയ ചെലവിൽ കാർഡ്‌ ലഭിക്കുമെന്നതിനാൽ സ്ഥാപന ഉടമകൾ ലാബുമായി ചേർന്ന്‌ ക്യാമ്പിന്റെ ഭാഗമാകുകയാണ്‌. സംസ്ഥാന വ്യാപകമായി ലാബ്‌ നടത്തുന്ന ഹെൽത്ത്‌ കാർഡ്‌ ക്യാമ്പ്‌  പ്രഹസനമാണെന്നും പരിശോധന നടക്കുന്നില്ലെന്നും കാണിച്ച്‌ കേരള പാരമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ്‌ ഫെഡറേഷൻ മുഖ്യമന്ത്രി‌ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതിനൽകിയിട്ടുണ്ട്‌.     Read on deshabhimani.com

Related News