വികസനവിരുദ്ധരും യുഡിഎഫും തുറന്നുപറയണം കോതി വിഴിഞ്ഞമാക്കാനാണോ 
നീക്കം: പി മോഹനൻ

സിപിഐ എം നേതൃത്വത്തിൽ പള്ളിക്കണ്ടിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു


  കോഴിക്കോട്‌ കോതി മറ്റൊരു വിഴിഞ്ഞമാക്കാനാണ്‌ വികസനവിരുദ്ധരും യുഡിഎഫും  ആഗ്രഹിക്കുന്നതെങ്കിൽ അത്‌ തുറന്നുപറയണമെന്ന്‌  സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ. മലിനജല ശുദ്ധീകരണപ്ലാന്റ്‌   കാലതാമസംകൂടാതെ നടപ്പാക്കണമെന്ന്‌  പറഞ്ഞവർ ഇപ്പോൾ ഉയർത്തുന്ന വാദം വിചിത്രമാണ്‌.   അന്നത്തെ നിലപാടിൽനിന്ന്‌ മാറാൻ പ്രേരിപ്പിച്ച വികാരമെന്തെന്ന്‌ കോൺഗ്രസും ലീഗും വ്യക്തമാക്കണം. കുറ്റിച്ചിറ ലോക്കൽ കമ്മിറ്റി  നേതൃത്വത്തിൽ പള്ളിക്കണ്ടിയിൽ സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മലിനജല ശുദ്ധീകരണപ്ലാന്റ്‌ തടയാൻ ശ്രമിക്കുന്നവർ, ഇവിടുത്തെ ജനങ്ങൾ എന്നും ദുരിതസമാനമായ സാഹചര്യത്തിൽ കഴിയണമെന്ന്‌ നിർബന്ധമുള്ളവരാണ്‌.  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമരം ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. പിന്നിൽ വലിയ ഗൂഢാലോചയുണ്ടെന്നകാര്യം നാട്‌  തിരിച്ചറിയണം.  നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ്‌ കോതിയും ആവിക്കൽ തോടും. ഇവിടങ്ങളിലെ വെള്ളത്തിൽ 80 ശതമാനം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാലാണ്‌ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്‌. പ്ലാന്റ്‌ വേണമെന്ന്‌ മാധ്യമങ്ങളും ആവശ്യപ്പെട്ടിരുന്നു. പദ്ധതി ആവിഷ്‌കരിച്ചപ്പോൾ അതേ മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട്‌ നേർവിപരീതമാണ്‌. മറ്റിടങ്ങളിലെ കക്കൂസ്‌ മാലിന്യം ഇവിടെ തള്ളുമെന്ന കള്ള പ്രചാരണം  ജനങ്ങളുടെ മനസ്സിൽ മാലിന്യം നിറയ്‌ക്കാനുള്ളതാണെന്ന്‌  തിരിച്ചറിയണം. ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയിൽ ആശങ്കയുണ്ടെങ്കിൽ അത്‌ പരിഹരിക്കാൻ പാർടിയും കോർപറേഷൻ ഭരണകർത്താക്കളും ശ്രമിക്കും–- അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം എൽ രമേശൻ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌, ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ എസ്‌ ജയശ്രീ, ഏരിയാ സെക്രട്ടറി ബാബു പറശ്ശേരി, ടി ദാസൻ, കെ ബൈജു, പി ബിജുലാൽ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി നൗഷാദ്‌ സ്വാഗതം പറഞ്ഞു.  Read on deshabhimani.com

Related News