കാർഷികവിളകൾക്ക്‌ രോഗമോ ചികിത്സക്ക്‌ 
ആശുപത്രിയുണ്ട്‌

മൂടാടി പ്രാഥമിക വിള ആരോഗ്യകേന്ദ്രം കാനത്തിൽ ജമീല എംഎൽഎ ഉദ്‌ഘാടനം ചെയ്‌തപ്പോൾ


കോഴിക്കോട്‌  കാർഷികവിളകൾക്ക്‌ കൂമ്പുചീയലോ ഇലവാട്ടമോ വേരുചീയലോ വന്നാൽ മൂടാടിക്കാർക്ക്‌ ഇനി ആശുപത്രിയിലെത്തി ചികിത്സ തേടാം. പൊതുജനാരോഗ്യ സംവിധാനംപോലെ കൃഷിരോഗചികിത്സയ്‌ക്കും സമഗ്രമായ സംവിധാനമൊരുക്കാൻ പ്രാഥമിക വിള ആരോഗ്യകേന്ദ്രത്തിന്‌ തുടക്കമായി. പരിശോധനയ്‌ക്ക്‌ വിദഗ്ധരുടെ സേവനവും ലബോറട്ടറി സൗകര്യവുമുണ്ട്‌. രോഗം സങ്കീർണമാണെങ്കിൽ കാർഷിക സർവകലാശാലയിലെയും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി സംശയനിവാരണത്തിന്‌ ഓൺലൈൻ സംവിധാനവും ലഭിക്കും.   ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ കൃഷിഭവൻ കെട്ടിടത്തിൽ രണ്ടാംനിലയിൽ ആശുപത്രി  തുറന്നത്‌. വിളകളിലെ  രോഗബാധ, കീടബാധ, പോഷകക്കുറവ് എന്നിവ തിരിച്ചറിഞ്ഞ് മരുന്നുകൾ സൗജന്യമായി നൽകും. പകൽ ഒമ്പതുമുതൽ അഞ്ചുവരെയാണ്‌ ആശുപത്രി പ്രവർത്തിക്കുക.  പദ്ധതി കാർഷികമേഖലയിൽ മാറ്റങ്ങൾക്ക്‌ വഴിവയ്‌ക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ശ്രീകുമാർ പറഞ്ഞു.   കാനത്തിൽ ജമീല എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സി കെ ശ്രീകുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ഷീജ പട്ടേരി, സ്ഥിരം സമിതി ചെയർമാൻമാരായ എം കെ മോഹനൻ, എം പി അഖില, ടി കെ ഭാസ്കരൻ, പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, എം ഗിരീഷ്, പി വി ഗംഗാധരൻ, എം വി ഗംഗാധരൻ, ദാമോദരൻ പൊറ്റക്കാട്ട്, രാമചന്ദ്രൻ കൊയ്യോത്ത്,  റഷീദ് ഇടത്തിൽ, കുഞ്ഞിക്കണാരൻ മീത്തലെ പാലയാടി, ടി കെ സതീശൻ, കെ വി നൗഷാദ്,  വിജില വിജയൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News