പാമ്പിനെ മൈക്കാക്കി: വാവ സുരേഷിനെതിരെ കേസെടുത്തു



കോഴിക്കോട്   ഗവ.മെഡിക്കൽ കോളേജിൽ  ക്ലാസിനിടെ പാമ്പിനെ മൈക്ക് പോലെ ഉപയോഗിച്ചെന്ന പരാതിയിൽ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ഡിഎഫ്ഒയുടെ നിർദേശപ്രകാരം താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിലാണ് കേസ് രജിസ്റ്റർചെയ്തത്. ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിലെത്തി  തെളിവുകൾ ശേഖരിച്ചു. പാമ്പിനെ പ്രദർശിപ്പിക്കൽ, പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് താമരശേരി ആർഎഫ്ഒ എം കെ രാജീവ് കുമാർ പറഞ്ഞു. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ക്ലിനിക്കൽ നഴ്‌സിങ്‌ എഡ്യൂക്കേഷൻ യൂണിറ്റും നഴ്‌സിങ്‌ സർവീസ് വകുപ്പും ചേർന്ന്  ‘പാമ്പുകടി’ വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ്‌ വാവ സുരേഷ് പാമ്പുകളെക്കുറിച്ച്  തത്സമയ വിവരണം നടത്തിയത്‌.  പരിപാടിക്കിടെ വൈദ്യുതി നിലച്ചപ്പോൾ മൈക്കായി പാമ്പിനെ ഉപയോഗിച്ചെന്ന പ്രചാരണം ശരിയല്ലെന്നും വൈദ്യുതി മുടങ്ങിയിട്ടില്ലെന്നും മെഡിക്കൽ കോളേജ്‌ അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News