പാർലമെന്റിൽ സസ്‌പെൻഷൻ: 
നടപടി പിൻവലിക്കണമെന്ന്‌ കൗൺസിൽ



കോഴിക്കോട്  പാർലമെന്റിൽ എളമരം കരീം ഉൾപ്പെടെയുള്ള 12 എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കോർപറേഷൻ കൗൺസിൽ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ സി മോയിൻകുട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്.     ജനകീയ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള എംപിമാരുടെ അവകാശം പുനഃസ്ഥാപിക്കണം. എംപിമാരെ പുറത്താക്കിയ നയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ചർച്ചകളെ ഭയക്കുന്നതിനാലാണ്‌ ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾ ബിജെപി സർക്കാർ കൈക്കൊള്ളുന്നതെന്ന്‌ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ പറഞ്ഞു. ബിജെപിയുടെ വിയോജിപ്പോടെ പ്രമേയം പാസാക്കി.  അടിയന്തര പ്രമേയാവതരണ അനുമതിയുടെ നടപടിക്രമങ്ങളിലുണ്ടായ ചെറിയ പിശകിനെ ചൊല്ലി  യുഡിഎഫ് പ്രതിഷേധിച്ചു. മേയർ ബീന ഫിലിപ്പ്‌ ഇതിൽ വ്യക്തത വരുത്തിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. കെ സി ശോഭിതയ്ക്കും നവ്യ ഹരിദാസിനും പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകിയെങ്കിലും വിഷയത്തിന്റെ പ്രാധാന്യം  ഉൾക്കൊണ്ടാണ്‌ പാർലമെന്റ്‌ വിഷയം കൗൺസിൽ  അടിയന്തര പ്രമേയമാക്കി ചർച്ച നടത്തിയതെന്ന്‌ മേയർ അറിയിച്ചു.   കോവിഡ്‌ ബാധിച്ച്‌  മരിച്ചവരുടെ ആശ്രിതർക്ക്  ആനുകൂല്യം എളുപ്പത്തിൽ ലഭ്യമാക്കാൻ  കോർപറേഷൻ ഇടപെടണമെന്ന് ടി മുരളീധരൻ ശ്രദ്ധ ക്ഷണിച്ചു. സങ്കീർണമായ നടപടിക്രമങ്ങൾ കുടുംബങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷണവിതരണത്തിന് കൂടുതൽ ഫണ്ട്‌ അനുവദിക്കണമെന്ന്‌ എൻ ശിവപ്രസാദും വെള്ളയിൽ ചേരി നിർമാർജന പദ്ധതിപ്രകാരം നിർമിച്ച ഫ്ലാറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്‌ സൗഫിയ അനീഷും ശ്രദ്ധക്ഷണിച്ചു. പഴക്കമുള്ള കെട്ടിടമായതിനാൽ പുനർനിർമിക്കണമെന്ന്‌ സൂപ്രണ്ടിങ്‌ എൻജിനിയർ അറിയിച്ചു. ബീച്ച് ആശുപത്രി പരിസരത്തെ അങ്കണവാടി മാറ്റി സ്ഥാപിക്കണമെന്നും പുതിയ കെട്ടിടം പണിയണമെന്നും കെ റംലത്ത് ശ്രദ്ധക്ഷണിച്ചു. വേണ്ട നടപടി കൈക്കൊള്ളുമെന്ന്‌ ക്ഷേമകാര്യസമിതി അധ്യക്ഷൻ പി ദിവാകരൻ അറിയിച്ചു. എം സി അനിൽകുമാർ, സി പി സുലൈമാൻ, സി എം ജംഷീർ, ഒ സദാശിവൻ, കെ മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News