പരിസ്ഥിതി സൗഹൃദ വികസനത്തിന്‌ രാജ്യാന്തര പുരസ്‌കാരം കാപ്പാട്‌ സൂപ്പറാണ്‌



    കോഴിക്കോട്‌ കാപ്പാട്‌ കടൽത്തീരത്തിനും  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനും വീണ്ടും രാജ്യാന്തര അംഗീകാരം. ഗ്രീസിലെ ഏഥൻസിൽ നടക്കുന്ന ‘ഫ്യൂച്ചർ ഓഫ്‌ ടൂറിസം സമ്മിറ്റിൽ’ ഈ വർഷത്തെ ലോകത്തെ മികച്ച സുസ്ഥിര മാതൃക കാഴ്‌ചവച്ച നൂറുവിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ്‌ വാസ്‌കോ ഡ ഗാമ കപ്പലിറങ്ങിയ തീരം ഇടം പിടിച്ചത്‌.  നെതർലാൻഡ്‌ ആസ്ഥാനമായ ആഗോള ടൂറിസം കേന്ദ്രങ്ങളുടെ സർട്ടിഫിക്കേഷൻ കൗൺസിൽ ആയ  ‘ഗ്രീൻ ഡെസ്‌റ്റിനേഷൻസ്‌’ ആണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. മൂന്നുവർഷമായി സംസ്ഥാനത്തെ ഏക ‘ബ്ലൂഫ്ലാഗ്‌’ ബീച്ച്‌ കൂടിയായ കാപ്പാടിന്‌ പരിസ്ഥിതി സൗഹൃദ വികസനത്തിനാണ്‌ അംഗീകാരം. സൗരോർജത്തിന്റെ വിനിയോഗം, മാലിന്യ സംസ്‌കരണം, തദ്ദേശ ജൈവവൈവിധ്യ സംരക്ഷണം എന്നിവയ്‌ക്കാണ്‌ കാപ്പാട്‌ മികച്ച മാതൃകയായത്‌.  കാപ്പാടിന്‌ പുറമെ  പട്ടികയിൽ ഇടം നേടിയത്‌ പൈതൃക സംരക്ഷണ വിഭാഗത്തിൽ തമിഴ്‌നാട്ടിലെ പ്രാചീന ക്ഷേത്രസമുച്ചയമായ ശ്രീരംഗമാണ്‌. അംഗീകാരം ലഭിച്ച വിനോദസഞ്ചാരകേന്ദ്രങ്ങൾ അടുത്ത വർഷം ജർമനിയിലെ ബെർലിനിൽ നടക്കുന്ന 118 ട്രാവൽ മാർട്ട്‌ അവാർഡുകൾക്ക്‌ നാമനിർദേശം നേടി. കഴിഞ്ഞ ദിവസം  രാജ്യത്തെ മികച്ച ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലായി കോഴിക്കോടിനെ തെരഞ്ഞെടുത്തിരുന്നു. Read on deshabhimani.com

Related News