ആശുപത്രിയിൽ ഡോക്ടർക്ക്‌ മർദനം; 
അപമര്യാദയായി പെരുമാറിയെന്ന്‌ 
വിദ്യാർഥികൾ



കോഴിക്കോട്‌  ഫാത്തിമ ആശുപത്രിയിൽ വിദ്യാർഥികൾ സംഘം ചേർന്ന്‌ ഡോക്ടറെ മർദിച്ചതായി പരാതി. വെള്ളി ഉച്ചയോടെയാണ്‌ സംഭവം. അത്യാഹിത വിഭാഗത്തിലെ ഡോ. മുഹാദ്‌ തങ്ങൾക്കാണ്‌ മർദനമേറ്റത്‌. ചെവിക്ക്‌ സാരമായ പരിക്കുണ്ട്‌.  ഡോക്ടറുടെ പരാതിയിൽ നടക്കാവ്‌ പൊലീസ്‌ ആറ്‌ പെൺകുട്ടികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തു. ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന്‌ കാണിച്ച്‌ വിദ്യാർഥിനി നൽകിയ പരാതിയിൽ ഡോക്ടർക്കെതിരെയും കേസുണ്ട്‌.  വ്യാഴാഴ്‌ച വൈഎംസിഎ ക്രോസ്‌ റോഡിലെ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ പരിശീലന സ്ഥാപനത്തിൽ പഠിക്കുന്ന രണ്ട്‌ കുട്ടികൾ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. അവരോട്‌ ഡോക്ടർ അപമര്യാദയായി പെരുമാറിയതായാണ്‌ വിദ്യാർഥികൾ പറയുന്നത്‌.  വെള്ളി പകൽ ആശുപത്രിയിൽ എത്തിയ വിദ്യാർഥികൾ ഡോക്ടറെ ആശുപത്രിയുടെ പുറത്തേക്ക്‌ വിളിച്ചുവരുത്തിയശേഷം സംഘം ചേർന്ന്‌ മർദിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച നഴ്‌സിങ് ജീവനക്കാരിക്കും സുരക്ഷാ ജീവനക്കാരനും പരിക്കുണ്ട്‌. Read on deshabhimani.com

Related News