ആഴ്‌ചയിൽ അഞ്ചു ദിവസം 
കടകൾ തുറക്കണമെന്ന്‌ കോർപറേഷൻ



കോഴിക്കോട്‌ കോവിഡ്‌ വ്യാപനമനുസരിച്ച്‌ ‘സി ’ വിഭാഗത്തിലുള്ള പ്രദേശങ്ങളിലും ആഴ്‌ചയിൽ അഞ്ചു ദിവസം കടകൾ തുറക്കാൻ അനുവദിക്കണമെന്ന്‌ കോഴിക്കോട്‌ കോർപറേഷൻ. ഈ ആവശ്യമുന്നയിച്ച്‌ സർക്കാരിന്‌ ശുപാർശ നൽകാൻ തീരുമാനിച്ചതായി മേയർ ഡോ. ബീനാ ഫിലിപ്പ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  നഗരമേഖല ‘സി’യിൽ ആയതിനാൽ വെള്ളിയാഴ്‌ച മാത്രം കടകൾ തുറക്കുന്നത്‌ വലിയ തിരക്കുണ്ടാക്കുകയാണ്‌. ശനി, ഞായർ ദിവസങ്ങളിൽ ലോക്‌ഡൗൺ ഏർപ്പെടുത്തി ബാക്കിയുള്ള ദിവസങ്ങളിൽ കടകൾ തുറക്കുന്നതാണ്‌ തിരക്ക്‌ കുറയ്‌ക്കാൻ നല്ലത്‌. കലക്ടർ എൻ തേജ്‌ ലോഹിത്‌ റെഡ്ഡി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത കോവിഡ്‌ അവലോകന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.  കോർപറേഷൻ പരിധിയിൽ കണ്ടെയിൻമെന്റ്‌ സോൺ നിർണയിക്കുന്നതിലും മാറ്റങ്ങൾ വരുത്തി. എൺപതിലധികം പേർ പോസിറ്റീവായാൽ മാത്രമേ ഇനി വാർഡുകളെ കണ്ടെയിൻമെന്റ്‌ സോണിലാക്കുകയുള്ളൂ. നേരത്തെ 30 രോഗികളായാൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ,  ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌,  ആരോഗ്യ സമിതി അധ്യക്ഷ ഡോ. എസ്‌ ജയശ്രീ, സെക്രട്ടറി കെ യു ബിനി, ഹെൽത്ത്‌ ഓഫീസർ ഡോ. ആർ  എസ്‌ ഗോപകുമാർ എന്നിവരും പങ്കെടുത്തു.  Read on deshabhimani.com

Related News