ശുചിത്വത്തിലേക്ക്‌ അതിവേഗം..



കോഴിക്കോട്‌ മാലിന്യമുക്ത ജില്ലയെന്ന  ലക്ഷ്യത്തിലേക്ക്‌ അതിവേഗം മുന്നേറി ജില്ല. ഓടകളും ജലാശയങ്ങളും വൃത്തിയാക്കിയും മാലിന്യ കൂമ്പാരങ്ങൾ നീക്കിയും നാട്‌ തെളിഞ്ഞ്‌ തുടങ്ങി. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യ ശേഖരണം സമ്പൂർണമാക്കാനുള്ള നടപടി അവസാന ഘട്ടത്തിലെത്തി. ജൂൺ അഞ്ചോടെ  ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌   പറഞ്ഞു. ‘മാലിന്യ മുക്ത നവകേരളം’ജില്ലാ സമിതി യോഗ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.  2025ഓടെ സംസ്ഥാനത്തെ  മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്‌. മൂന്ന്‌ ഘട്ടമായാണ്‌ പ്രവർത്തനങ്ങൾ. ആദ്യ ഘട്ടം ജൂൺ അഞ്ചിനും, രണ്ടാം ഘട്ടം ഒക്‌ടോബർ 30നും, മൂന്നാം ഘട്ടം  2024 മാർച്ച്‌ 30നുമുള്ളിലാണ്‌ പൂർത്തിയാക്കുക.  ഒന്നാം ഘട്ടത്തിൽ  വീട്‌, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉറവിട മാലിന്യത്തിനുള്ള സംവിധാനങ്ങൾ, മാലിന്യംതള്ളുന്ന പൊതുയിടങ്ങളിൽ, ബിന്നുകൾ, എംസിഎഫ്‌ എന്നിവ സ്ഥാപിക്കും. ജലാശയങ്ങൾ ഭൂരിഭാഗവും ശുചീകരിച്ചു. തദ്ദേശ സ്ഥാപന തല യോഗങ്ങളും കഴിഞ്ഞു. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. മാലിന്യം തള്ളുന്നവർക്ക്‌ നോട്ടീസ്‌ നൽകൽ, എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ പരിശോധന എന്നിവയും നടക്കുന്നുണ്ട്‌.   അഞ്ചോടെ വീടുകളിലെ   അജൈവ മാലിന്യ ശേഖരണം 100 ശതമാനമാക്കും. ജനകീയ പങ്കാളിത്തത്തിലാണ്‌ പ്രവർത്തനങ്ങൾ നടത്തുക. മൂന്നാം ഘട്ടത്തിൽ  ആപൽക്കരമായ ഗാർഹിക മാലിന്യങ്ങൾ, ബയോമെഡിക്കൽ വേസ്റ്റ് എന്നിവ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം പൂർത്തിയാക്കും. കെട്ടിടാവശിഷ്‌ടങ്ങളുടെ സംസ്‌കരണത്തിനുള്ള സംവിധാനങ്ങളും ജില്ലയിൽ ആരംഭിക്കുന്നതിനെക്കുറിച്ച്  ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.  വാർത്താസമ്മേളനത്തിൽ എംഎൽഎമാരായ ലിന്റോ ജോസഫ്‌, പിടിഎ റഹീം, കലക്ടർ എ ഗീത എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News