ലൈഫ്‌ മിഷനും വിശപ്പുരഹിത കേരളത്തിനും ഊന്നൽ



കോഴിക്കോട്‌  ലൈഫ്‌ മിഷൻ മൂന്നാംഘട്ടത്തിനും വിശപ്പുരഹിത കേരളം പദ്ധതിക്കും ഊന്നൽ നൽകി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക്‌ അംഗീകാരം. ജില്ലാ പഞ്ചായത്തടക്കംം 57 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2020-–-21 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.  സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി.  കോവിഡ്19 ജാഗ്രതാ നിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു വിവിധ തദ്ദേശ സ്വയംഭരണ തലവന്മാരുമായി വാർഷിക പദ്ധതി അംഗീകാരത്തിനായുള്ള ചർച്ച സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌, 12 ബ്ലോക്ക് പഞ്ചായത്തുകൾ, 39 ഗ്രാമപഞ്ചായത്തുകൾ, അഞ്ച് നഗരസഭ, കോർപറേഷൻ എന്നിവയുടെ വാർഷിക പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിലേക്ക് മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫണ്ട് നീക്കിവച്ചു. കൂടാതെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊൺ നൽകുന്ന ഭക്ഷണശാലകൾ ആരംഭിക്കുന്നതിനുള്ള ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. വാർഷിക പദ്ധതി സമർപ്പിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉടൻ പദ്ധതി അംഗീകാരത്തിനായി സമർപ്പിക്കണമെന്ന് ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചു. സൗരോർജ പദ്ധതികൾ വിജയകരമായി നടപ്പാക്കി മാതൃകയായ ജില്ലാ പഞ്ചായത്ത് ഇതിനായി ഇത്തവണ 1.25 കോടി നീക്കിവച്ചതായി  പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിനുകീഴിലെ ആശുപത്രികൾ, ഫാമുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സൗരോർജ പ്ലാന്റുകൾ നിർമിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതാണ് പദ്ധതി. ശുചിത്വ മേഖലക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ 44 സ്‌കൂളുകളിലെ ശുചിമുറി സംവിധാനങ്ങൾ ശുചീകരിക്കാൻ ഒരു ജീവനക്കാരിയെ നിയമിക്കും.  പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ജില്ലാ പദ്ധതിയുടെ ഭാഗമായി ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കറവ പശുക്കൾക്ക് ഇൻഷുറൻസ്‌ പദ്ധതിയും ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്‌, ഡെപ്യൂട്ടി മേയർ മീര ദർശക്, ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ പ്രതിനിധി പ്രൊഫ. പി ടി അബ്ദുൽലത്തീഫ് എന്നിവർ നേരിട്ടും മറ്റ് ഡിപിസി അംഗങ്ങൾ ഓൺലൈൻ വഴിയുമാണ് പങ്കെടുത്തത്. Read on deshabhimani.com

Related News