കഴുത്തിൽ കത്തിവച്ച് കവർച്ച; 
നാലംഗ സംഘം അറസ്റ്റിൽ



കോഴിക്കോട് കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതിന് നാല്‌ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ പുള്ളി (അർഫാൻ,-20), ചക്കുംകടവ് സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ (21), അരക്കിണർ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷൻ അലി (25) എന്നിവരാണ് പിടിയിലായത്. ടൗൺ അസി. കമീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.  കഴിഞ്ഞ ദിവസം രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം മലപ്പുറം സ്വദേശിയുടെ കഴുത്തിൽ കത്തിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ഗൂഗിൾ പേയുടെയും പേടിഎമ്മിന്റെയും പാസ്‌വേഡ് കൈക്കലാക്കി അരലക്ഷം രൂപയോളം കവർന്ന കേസിലാണ് അറസ്‌റ്റ്‌.   നഗരത്തിൽ രാത്രി കറങ്ങിനടക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ്‌  അർഫാന്റെ  നേതൃത്വത്തിലുള്ള കവർച്ചക്കാരെക്കുറിച്ച്‌  വിവരം ലഭിച്ചത്‌. അർഫാനെതിരെ ഇരുപതിലധികം കേസുകൾ നിലവിലുണ്ട്. അജ്മൽ ബിലാൽ നിരവധി കേസുകളിൽ കൂട്ടുപ്രതിയാണ്‌. മാത്തോട്ടം സ്വദേശി റോഷൻ അലി പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിൽ പ്രതിയാണ്.  കവർച്ച നടത്തിയ ഫോണും പ്രതികൾ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സജേഷ് കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, കസബ സബ് ഇൻസ്പെക്ടർ കെ എം റസാഖ്, സീനിയർ സിപിഒമാരായ മനോജ്, രതീഷ്, രജീഷ് നെരവത്ത് സിപിഒമാരായ അനൂപ്, സന്ദീപ് സെബാസ്റ്റ്യൻ എന്നിവർ അന്വേഷകസംഘത്തിലുണ്ടായിരുന്നു.   Read on deshabhimani.com

Related News