ആഘോഷം അതിരുകടന്നു, 
വിവാഹവീട്ടിൽ കൂട്ടത്തല്ല്



 മേപ്പയൂർ ആഘോഷം അതിരുകടന്നതിനെ തുടർന്ന്‌ വിവാഹവീട്ടിൽ കൂട്ടത്തല്ല്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ്‌ എത്തിയാണ്‌ സംഘർഷത്തിന്‌ അയവ്‌ വരുത്തിയത്‌. മേപ്പയൂർ ടൗണിനടുത്ത വധൂഗൃഹത്തിൽ ഞായറാഴ്ച ഉച്ചക്കാണ് സംഭവം. വില്യാപ്പള്ളിയിൽനിന്ന്‌ വരനെ ആനയിച്ച കൂട്ടുകാർ വഴിനീളെ പടക്കവും ഗുണ്ടും പൊട്ടിച്ചാണ് വന്നത്. വധൂഗൃഹത്തിനടുത്തെത്തിയതോടെ അയൽവാസികളുടെ വീട്ടിലേക്കും പടക്കമെറിഞ്ഞു. വധുവിന്റെ ബന്ധുക്കൾ നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും സംഘം വഴങ്ങിയില്ല. പടക്കമേറ്‌ വർധിച്ചതോടെ കല്യാണവീട്ടിലുള്ളവർക്കും സഹികെട്ടു. അഴിഞ്ഞാട്ടം ചോദ്യംചെയ്ത വധുവിന്റെ പിതൃസഹോദരനെ യുവാക്കൾ കൈയേറ്റം ചെയ്തതോടെ രംഗം വഷളായി. നാട്ടുകാർ ഇടപെട്ടിട്ടും വരന്റെ സുഹൃത്തുക്കൾ വഴങ്ങിയില്ല.  സ്ഥിതി നിയന്ത്രണാതീതമായതോടെ കൂട്ടത്തല്ലായി. സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ട നിലവിളി ഉയർന്നു. വിവരമറിഞ്ഞ്‌ മേപ്പയൂർ പൊലീസ് എത്തി. തുടക്കത്തിൽ പൊലീസിനും സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പൊലീസുകാരിൽ ചിലരും കൈയേറ്റത്തിനിരയായി. തുടർന്ന് വരനൊപ്പമുള്ളവരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവമാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ സംഭവം നാട്ടിലാകെ പാട്ടായി. Read on deshabhimani.com

Related News