ജനകീയ പ്രതിരോധജാഥ
മാർച്ച്‌ 10നും 11നും



  കോട്ടയം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’ മാർച്ച്‌ 10, 11 തീയതികളിൽ ജില്ലയിൽ പര്യടനംനടത്തും.    കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കും വർഗീയതയ്‌ക്കുമെതിരെയാണ്‌ ജാഥാപര്യടനം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള അവബോധവും ജനങ്ങളിലെത്തിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച്‌ 18 വരെ എല്ലാ ജില്ലകളിലമായി പര്യടനം നടത്തുന്ന ജാഥയാണ്‌ ജില്ലയിലെത്തുന്നത്‌. പി കെ ബിജു(മാനേജർ), സി എസ്‌ സുജാത, എം സ്വരാജ്‌, ജെയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എന്നിവരാണ്‌ ജാഥാ അംഗങ്ങൾ.  മാർച്ച്‌ 10ന്‌ പകൽ മൂന്നിന്‌ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികൾ ചേർന്ന്‌ മുണ്ടക്കയത്ത്‌ ജാഥയെ ജില്ലയിലേക്ക്‌ വരവേൽക്കും. തുടർന്ന്‌ സ്വീകരണ സമ്മേളനവും മുണ്ടക്കയത്ത്‌ ചേരും. നാലിന്‌ ചങ്ങനാശേരിയിലും അഞ്ചിന്‌ കോട്ടയത്തും വിപുലമായ സ്വീകരണസമ്മേളനങ്ങൾ നടക്കും.  ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിനമായ 11 ന്‌ രാവിലെ 10ന്‌ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലാണ്‌ ആദ്യ സ്വീകരണ സമ്മേളനം. 11 ന്‌ പാലാ ടൗണിൽ സ്വീകരണം നൽകും. മൂന്നിന്‌ കടുത്തുരുത്തി മണ്ഡലത്തിലെ സ്വീകരണം കുറവിലങ്ങാട്ട്‌ ഒരുക്കും. നാലിന്‌ ഏറ്റുമാനൂരിൽ സ്വീകരണം. വൈകിട്ട്‌ അഞ്ചിന്‌ വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലെ സ്വീകരണത്തോടെ ജില്ലയിലെ  പര്യടനം സമാപിക്കും.  മണ്ഡലങ്ങളിൽ നടക്കുന്ന സ്വീകരണത്തിനായി വിപുലമായ സംഘാടകസമിതികളും രൂപീകരിക്കും. ജാഥാ വരവേൽപ്പിനും ഒരുക്കങ്ങൾക്കുമായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News