ചരക്കുനീക്കം: കോട്ടയം പോർട്ടും 
അസിമാർ ഷിപ്പിങ്ങും ധാരണയായി



കോട്ടയം ഉൾനാടൻ തുറമുഖമായ കോട്ടയം പോർട്ടും കുവൈത്ത്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിങ്‌ ആൻഡ് ലോജിസ്റ്റിക്‌സും തമ്മിൽ ഉൾനാടൻ ജലാശയം വഴിയുള്ള ചരക്കു നീക്കം തുടങ്ങുന്നു. ആധുനിക വെയർഹൗസ് കൺസോളിഡേറ്റഡ് കാർഗോസ് എന്ന മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി. തിങ്കളാഴ്‌ച തിരുവന്തപുരത്തു നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരുടെ സാനിധ്യത്തിൽ കോട്ടയം പോർട്ട് മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ്‌ അസിമാർ ഷിപ്പിങ്‌ മാനേജിങ് പാർട്ണർ അനി പീറ്റർ എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവച്ചു.  30 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷി ഉള്ള ബാർജ്, ആധുനിക വെയർഹൗസ് എന്നിവ കോട്ടയത്ത് നിർമിക്കാനുള്ള നടപടി തുടങ്ങിയതായും കേരളത്തിൽ ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ മുതൽ മുടക്കുമെന്നും അസിമാർ ഷിപ്പിങ്‌ മാനേജിങ് പാർട്ണർ അനി  പീറ്റർ പറഞ്ഞു. കൂടുതൽ വിദേശ നിക്ഷേപം കേരളത്തിൽ വരുന്നത് സ്വാഗതാർഹമാണെന്നും വർക്ക് ഫ്രം കേരളാ എന്ന ആശയം നടപ്പാകുന്നതിൽ സന്തോഷമുണ്ടെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കോട്ടയം പോർട്ടിലൂടെ പൂർണ തോതിലുള്ള ചരക്കുനീക്കവും ആധുനിക വെയർഹൗസും സാധ്യമാകുന്നന്നതോടെ സംസ്ഥാനത്ത്‌ ലോജിസ്റ്റിക് രംഗത്ത് വൻമാറ്റം ഉണ്ടാകുമെന്ന്  സഹകരണ മന്ത്രി വി എൻ വാസവൻ അഭിപ്രയാപ്പെട്ടു.  കോട്ടയം പോർട്ട് ചെയർമാൻ സന്തോഷ് കോശി തോമസ് സംസാരിച്ചു.  പോർട്ട് ഡയറക്ടർമാരായ എസ്‌ ബൈജു, എം സി അലക്സ്, ജനറൽ മാനേജർ രൂപേഷ് ബാബു,  അസിമാർ പ്രതിനിധികളായ മൈബു സക്കറിയാ, ആകാശ് മാത്യു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News